മുംബൈയിൽ 1745 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

Cocaine worth Rs 1745 crore seized in Mumbai

മുംബൈ:  മുംബൈയിൽനിന്ന് 1745 കോടി രൂപ വിലവരുന്ന 349 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ലഹരിശേഖരം പിടിച്ചെടുത്തത്. ക്രിക്കറ്റ് പാഡുകളിലും കൈയുറകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മുംബൈയിലുടനീളം നടത്തിയ ഏകോപിത റെയ്ഡുകളിലാണ് ഇവ പിടിച്ചെടുത്തത്.

ആറ് മാസത്തിലേറെ നീണ്ട രഹസ്യാന്വേഷണ ശേഖരണത്തിനും നിരീക്ഷണത്തിനും ശേഷമാണ് വൈറ്റ് സ്ട്രൈക്ക് എന്ന രഹസ്യനാമമുള്ള ഈ ഓപറേഷൻ നടത്തിയത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ നവി മുംബൈയിലും താനെയിലും വ്യാപിച്ചുകിടക്കുന്ന കലംബോളി-ഭിവണ്ടി ലോജിസ്റ്റിക്സ് ഇടനാഴിയിൽ എൻ.‌സി‌.ബി ടീമുകൾ പരിശോധന നടത്തുകയായിരുന്നു.

കലംബോളിയിലെ കെ.ഡബ്ല്യു.സി വെയർഹൗസിങ് കോംപ്ലക്‌സിന് സമീപം മാരുതി സുസുക്കി സൂപ്പർ കാരി വാഹനം ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് പരിശോധനയുടെ തുടക്കം. ക്രിക്കറ്റ് ഉപകരണങ്ങൾ നിറച്ച കാർട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 136 കിലോഗ്രാം കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്തതോടെ ഭിവണ്ടിയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നിനെക്കുറിച്ചും പ്രതി വിവരം നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം വരുന്ന 213 പാക്കറ്റ് കൊക്കെയ്ൻ പിടിച്ചെടുത്തു. ഓരോ പാക്കറ്റും ഒമ്പത് പാളികളുള്ള പോളിത്തീനിൽ പൊതിഞ്ഞിരുന്നു. കൂടാതെ അവ കറുത്ത ഗ്രീസ് പദാർഥം ഉപയോഗിച്ച് പൊതിയുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര ലഹരി മരുന്ന് റാക്കറ്റിലെ നിർണായക കണ്ണികളെ തകർക്കുന്നതാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ലഹരി മാഫിയാ സംഘത്തെ തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു. മുംബൈയിൽ 349 കിലോ ഹൈ-ഗ്രേഡ് കൊക്കെയ്ൻ (1745 കോടി രൂപ വിലമതിക്കുന്നത്) പിടിച്ചെടുത്തുകൊണ്ട് നാർക്കോട്ടിക്സ് ബ്യൂറോ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകർത്തതായി അമിത് ഷാ എക്സിൽ കുറിച്ചു. ഒരു ചെറിയ ചരക്ക് പിടികൂടിയതിൽ നിന്ന് ആരംഭിച്ച അന്വേഷണമാണ് ഇത്രയും വലിയൊരു ശൃംഖലയെ തന്നെ വലയിലാക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി വേട്ട നടത്തിയ എൻ.സി.ബി ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.

സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സംഭവത്തിൽ കൂടുതൽ അ​ന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പ്രതികളെ കണ്ടെത്താനും ലഹരിമരുന്ന് എവിടെനിന്ന് വന്നു, എവിടേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ടു തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം. 

Tags