കാറ്റിന്റെ കരുത്തിൽ തകർന്ന തീരം; ആന്ധ്രയിൽ ചുഴലിക്കാറ്റ് ദുരന്തം, ഒഡിഷയിലും ജാഗ്രത
ആന്ധ്രപ്രദേശിന്റെ തീരമേഖലയിൽ നാശം വിതച്ച മുറാസു ചുഴലിക്കാറ്റ് ദുർബലമായെങ്കിലും മഴക്കെടുതികൾ തുടരുന്നു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ രണ്ടുപേർ മരിച്ചതായാണ് റിപ്പോർട്ട്. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീഴുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.
ചുഴലിക്കാറ്റ് ബാധിത മേഖലകളിൽനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഏകദേശം 12,230 പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നതെന്ന് ആന്ധ്രപ്രദേശ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വീടുകൾക്കും കൃഷിക്കും വ്യാപക നാശനഷ്ടമുണ്ടായതായും പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.
ചുഴലിക്കാറ്റ് ദുർബലമായെങ്കിലും അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശിനും ഒഡിഷയ്ക്കും ജാഗ്രതാ നിർദേശം തുടരുകയാണ്. തീരമേഖലയിലുള്ളവർ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
.jpg)

