പാക് അധീന കശ്മീരില്‍ വന്‍ സംഘര്‍ഷം: സുരക്ഷാ സേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി; 11 മരണം
അക്രമങ്ങളെ തുടര്‍ന്ന് പാക് അധീന കശ്മീരില്‍ ഉടനീളം കടുത്ത നിയന്ത്രണങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി
പാക് അധീന കശ്മീരില്‍ നിരോധിച്ച ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും പാകിസ്താന്‍ സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടു. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റാവലകോട്ട് നഗരത്തില്‍ ജൂണ്‍ 9-ന് പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ ഹര്‍ത്താലിന് മുന്നോടിയായാണ് പ്രദേശത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അക്രമങ്ങളെ തുടര്‍ന്ന് പാക് അധീന കശ്മീരില്‍ ഉടനീളം കടുത്ത നിയന്ത്രണങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. അക്രമികളുടെ വെടിയേറ്റ് 4 പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 6 പ്രതിഷേധക്കാരും മരണപ്പെട്ടു. ഇതോടെയാണ് ആകെ മരണസംഖ്യ 11 ആയത്. പൂഞ്ച് സെക്ടര്‍ കമ്മീഷണര്‍ സര്‍ദാര്‍ വഹീദ് ഖാനാണ് മരണസംഖ്യ പുറത്തുവിട്ടത്.
23 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അന്‍പതോളം പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ ജെഎഎസി അനുകൂലികള്‍ തടിച്ചുകൂടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആളുകളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ജെഎഎസി നേതാക്കള്‍ ആരോപിക്കുന്നു.
ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി കശ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ്. കടുത്ത വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, പ്രദേശത്തെ വിഭവങ്ങള്‍ പാകിസ്താന്‍ ചൂഷണം ചെയ്യല്‍ എന്നിവയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സംഘടന വന്‍ പ്രതിഷേധങ്ങള്‍ നടത്തിവരികയായിരുന്നു
.jpg)

