സിജെപി പ്രവര്‍ത്തകന്റെ പിതാവ് കൊല്ലപ്പെട്ട സംഭവം ; പിന്നില്‍ ക്രിമിനലുകളാണെന്നും ബിജെപിയുമായി ബന്ധമില്ലെന്നും സുവേന്ദു അധികാരി
ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രാദേശിക പ്രവര്‍ത്തകരാണെന്ന് സിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
ബംഗാളില്‍ സിജെപി പ്രവര്‍ത്തകന്റെ പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ആക്രമണത്തിന് പിന്നില്‍ ക്രിമിനലുകളാണെന്നും അവര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രാദേശിക പ്രവര്‍ത്തകരാണെന്ന് സിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു. അവര്‍ക്ക് ബിജെപിയുമായി ബന്ധമില്ല. അറസ്റ്റിലായവരെല്ലാം ക്രിമിനലുകളാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ട്. എഫ്ഐആറില്‍ പ്രതികള്‍ക്ക് ബിജെപി ബന്ധമുള്ളതായി പരാമര്‍ശിക്കുന്നില്ല. ഇവിടെ ക്രമസമാധാനം മികച്ച രീതിയിലാണ്. പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു ബങ്കുരയില്‍ സിജെപി പ്രവര്‍ത്തകന്‍ ഷെയ്ഖ് അബ്ദുല്‍ ഹഫീസിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സിജെപിയുടെ 'സ്‌കൂള്‍ ഠീക് കരോ' ക്യാമ്പെയ്ന്റെ ഭാഗമായി കരിസന്ദയിലെ ഒരു പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിച്ച വിവരം വ്യാഴാഴ്ച ഷെയ്ഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ സ്‌കൂളിന്റെ മോശം അവസ്ഥയെക്കുറിച്ചും ഷെയ്ഖ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും തന്നെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്നും ഷെയ്ഖ് പറഞ്ഞിരുന്നു. ആക്രമണത്തില്‍ ഷെയ്ഖിനും പിതാവ് ജനാഫ് മഫിക്കും പരിക്കേറ്റിരുന്നു. ഷെയ്ഖിന് കഴുത്തിനും പിതാവിന് തലയ്ക്കുമായിരുന്നു പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ ജനാഫ് മഫി മരിച്ചു. ഇതോടെ വിഷയം സിജെപി ഏറ്റെടുക്കുകയും ശക്തമായി രംഗത്തെത്തുകയുമായിരുന്നു.
.jpg)

