മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബം​ഗളൂരുവിൽ സിജെപിയുടെ പ്രതിഷേധം

CJP protests in Bengaluru demanding resignation of Chief Election Commissioner Gyanesh Kumar

ബംഗളൂരു: എസ്‌ഐആര്‍, വോട്ടര്‍ പട്ടിക ക്രമക്കേടുകളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബം​ഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം. നടന്‍ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാഠി, സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഐഷ ഘോഷ്, നേഹ ബോറ തുടങ്ങിയവര്‍ ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഫ്രീഡം പാര്‍ക്കില്‍ തടിച്ചു കൂടിയത്. വോട്ടുകള്‍ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എസ്‌ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ലെന്നും, ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്‌ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് വെറും സംഖ്യ മാത്രമായി കാണാനാവില്ല. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള്‍ തുടങ്ങിയവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത് എന്നും പ്രകാശ് രാജ് പറഞ്ഞു.

എസ്ഐആർ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് സുതാര്യതയോ ഉത്തരവാദിത്തമോ ഒട്ടും ഉണ്ടായിരുന്നില്ല എന്ന് ധ്രുവ് റാഠി ആരോപിച്ചു. ഭരണകൂടത്തെ മാറ്റാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐആറിലൂടെ വോട്ടുമോഷണമാണ് നടത്തിയതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ കുറ്റപ്പെടുത്തി. ​ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ഞങ്ങൾ തെരുവിലിറങ്ങുകയും, ജനാധിപത്യം വീണ്ടെടുക്കുകയും സമരം തുടരുകയും ചെയ്യുമെന്നും ദീപ്കെ പറഞ്ഞു.

Tags