കോടതിയില്‍ മാപ്പപേക്ഷിച്ചു, ജന്തര്‍ മന്തറില്‍ ഇനി സമരം ചെയ്യില്ലെന്ന് ഉറപ്പുനല്‍കി സിജെപി നേതാക്കള്‍; സൗരവ് ദാസും അശുതോഷ് റാങ്കയും ജയില്‍ മോചിതരായി
ഉത്തരവ് പുറത്തുവന്നതിനെ തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
ജന്തര്‍ മന്തര്‍ സമരവേദിയല്ലാതെ തുടരുന്നിടത്തോളം അവിടെ പ്രതിഷേധിക്കുകയോ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ഇല്ലെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും കോടതിയില്‍ ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഇരുവരെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഉത്തരവ് പുറത്തുവന്നതിനെ തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
ജന്തര്‍ മന്തര്‍ അംഗീകൃത സമര കേന്ദ്രമമാകുന്നത് വരെ അവിടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കില്ലെന്നും സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും ഇരുവരും കോടതിയില്‍ എഴുതി നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഭാവിയില്‍ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും ഇരുവരും ഉറപ്പുനല്‍കി. കൂടാതെ, ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് മജിസ്ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ നടത്തിയ പ്രതികരണങ്ങളില്‍ ഇരുവരുടെയും അഭിഭാഷകര്‍ കോടതിയില്‍ മാപ്പപേക്ഷിച്ചു. ഇനിമേലില്‍ ഇത്തരത്തിലുള്ള പെരുമാറ്റം ആവര്‍ത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇരുവരും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ജാമ്യക്കാരെയും ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണ നടപടികളുമായി നേതാക്കള്‍ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തുടര്‍ നടപടികള്‍ക്കായി ഒക്ടോബര്‍ 23-ന് വൈകുന്നേരം 3 മണിക്ക് വീണ്ടും പരിഗണിക്കും.
.jpg)


