എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടില്ല : സി.ജെ.പി

Union Education Minister must resign; CJP's Parliament march and protest to continue today as well.

 ന്യൂഡൽഹി: വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കുമെന്ന ഉറപ്പ് പാലിക്കാതെ കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് ഇതുവരെ രേഖാമൂലമുള്ള ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. സർക്കാറിൻറെ ഭാഗത്തുനിന്നുള്ള ഈ നിശബ്ദതയും അനാസ്ഥയും രാജ്യത്തെ യുവജനങ്ങളോടുള്ള വലിയ വഞ്ചനയാണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് രൂക്ഷമായി വിമർശിച്ചു.

ചൊവാഴ്ച വൈകുന്നേരം സർക്കാറിൻറെ ക്ഷണപ്രകാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി സൗരവ് ദാസ് വ്യക്തമാക്കി. എന്നാൽ ഈ കൂടിക്കാഴ്ചയിൽ നിലവിലുള്ള എഫ്.ഐ.ആറുകളിൽ അന്വേഷണം തുടരാൻ അനുവദിക്കുന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് (ഡയറക്ഷൻ നമ്പർ 4) കാണിക്കുക മാത്രമാണ് ചെയ്തത്. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാൽ രേഖാമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്ന വാദമാണ് അധികൃതർ മുന്നോട്ടുവെച്ചത്. എഫ്.ഐ.ആറുകൾ റദ്ദാക്കുമെന്ന കാര്യത്തിൽ ഉറപ്പുതരുമോ എന്ന ചോദ്യത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ മാത്രമല്ല ബി.ജെ.പി അല്ലെങ്കിൽ എൻ.ഡി.എ ഭരണത്തിലുള്ള ഏത് സംസ്ഥാനത്തായാലും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ ഒഴിവാക്കുമെന്നാണ് സർക്കാർ നേരത്തെ വാഗ്ദാനം നൽകിയിരുന്നത്. ചൊവ്വാഴ്ചക്കകം ഇതിൽ വ്യക്തമായ തീരുമാനം അറിയിക്കാമെന്ന് സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും അവസാന സമയം വരെ യാതൊരു രേഖാമൂലമുള്ള ഉറപ്പും നൽകിയില്ല. വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ച സൗരവ് ദാസ് അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി വീണ്ടും ശക്തമായ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.

രാഷ്ട്രീയ നേട്ടങ്ങൾക്കായി സുപ്രീം കോടതിയെ ദുരുപയോഗം ചെയ്യരുതെന്നും യഥാർത്ഥ പ്രതിഷേധക്കാരെ ലക്ഷ്യമിടാൻ കോടതി ഉത്തരവുകൾ ഒരു ആയുധമാക്കരുതെന്നും സൗരവ് ദാസ് എക്സിൽ കുറിച്ചു. സർക്കാരിന്റെ ഈ നിലപാടിനെതിരെ മറ്റ് സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയും സ്ഥാപകൻ അഭീജിത് ദിപ്കെയും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കും സമരക്കാർക്കുമെതിരെയുള്ള പൊലീസ് വേട്ടയും ഉപദ്രവങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള സമാധാനപരമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി ഉറപ്പിച്ചുപറയുന്നു. 

Tags