സിജെപി എപ്പോഴും ആവശ്യപ്പെടുന്നത് രാജി മാത്രമാണ്; സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ
ഗുവാഹത്തി: കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണമെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ. ചൊവ്വാഴ്ച അസമിലെ ഗുവാഹത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അത്താവലെയുടെ പരാമർശം. ഹിന്ദിയിൽ രാജി എന്നാണ് ഇസ്തിഫയുടെ അർഥം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി സിജെപി ആവശ്യപ്പെടുകയാണെന്നും നേരത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “സിജെപി എപ്പോഴും രാജി മാത്രമാണ് ആവശ്യപ്പെടുന്നത്. അതിനാൽ പാർട്ടിയുടെ പേര് ഇസ്തിഫ ജനത പാർട്ടി എന്നാക്കണം”- അത്താവലെ പറഞ്ഞു.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ അടുത്തിടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയതെന്നും ദളിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ താൻ ഏറെക്കാലമായി പ്രവർത്തിച്ചുവരികയാണെന്നും അത്താവലെ പറഞ്ഞു.രാജ്യത്തെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് ബോധ്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവ പരിഹരിക്കാൻ ആത്മാർഥമായി പ്രവർത്തിക്കുകയാണെന്നും അത്താവലെ വ്യക്തമാക്കി. 2029ൽ മോദി തുടർച്ചയായി നാലാം തവണയും പ്രധാനമന്ത്രിയാകുമെന്നും അത്താവലെ അവകാശപ്പെട്ടു. അസമിന്‍റെ വികസനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം മോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിച്ചുവെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതൽ സൗകര്യപ്രദമായ ജീവിതവും ഒരുക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.
.jpg)

