റോഡപകടങ്ങൾക്ക് കാരണം സിവിൽ എൻജിനിയർമാർ, അവർക്കെതിരെ കേസെടുക്കണം : നിതിൻ ഗഡ്കരി


ന്യൂഡൽഹി: റോഡപകടങ്ങൾക്ക് കാരണം സിവിൽ എൻജിനിയർമാരാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇവർക്കൊപ്പം കൺസൾട്ടന്റ്മാർക്കും റോഡപകടങ്ങളിൽ പങ്കുണ്ടെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ഗ്ലോബൽ റോഡ് ഇൻഫ്രാടെക് സമ്മിറ്റ്& എക്സ്പോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമർശം.
നിർമാണത്തിലെ ചില പിഴവുകളും മോശം ഡിസൈനുമാണ് വലിയ രീതിയിൽ അപകടം വർധിക്കാനുള്ള കാരണമെന്ന് ഗഡ്കരി പറഞ്ഞു. വലിയ രീതിയിൽ റോഡപകടങ്ങളുണ്ടാവുന്നത് ഇന്ത്യയെ സംബന്ധിച്ചടുത്തോളം അത്ര നല്ലതല്ല. എല്ലാവർഷവും രാജ്യത്ത് 4.80 ലക്ഷം റോഡപകടങ്ങളുണ്ടാവുന്നുണ്ട്. 1.80 ലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ട്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാവുന്നത് ഇന്ത്യയിലായിരിക്കും. മരിക്കുന്നവരിൽ 66.4 ശതമാനവും 18നും 45നും ഇടക്ക് പ്രായമുള്ളവരാണ്. യുവാക്കളുടെ മരണം രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.