എസ്.ഐ.ആറിലൂടെ പൗരത്വത്തെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നു ; പ്രകാശ് രാജ്
തിരുവനന്തപുരം: തങ്ങൾക്കെതിരെ നിൽക്കുന്നവരെ കൂട്ടത്തോടെ ഇല്ലാതാക്കാൻ ബി.ജെ.പിക്കാവില്ലെന്നും അതിനുപകരം എസ്.ഐ.ആറിലൂടെ പൗരത്വത്തെ കൂട്ടത്തോടെ കൊലപ്പെടുത്തുകയാണെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്.
വോട്ടുള്ളവരെന്നും വോട്ടില്ലാത്തവരെന്നും രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് ശ്രമം. മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയും ആദിവാസികളികളെയും ദലിതരെയും ഇടത്, സ്വതന്ത്ര ചിന്താഗതിയുള്ളവരെയുമടക്കം ബി.ജെ.പിക്ക് വേണ്ടാത്തവരെ വോട്ടർ പട്ടികയിൽനിന്ന് പൂർണമായും ഒ ഴിവാക്കുകയാണ്. ഇപ്പോൾ കൈയോടെ പിടിക്കപ്പെട്ടപ്പോൾ സമിതി രൂപവത്കരിക്കാമെന്നാണ് വാദം-പ്രകാശ് രാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എസ്.ഐ.ആർ വോട്ടവകാശത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ്. പ്രതിപക്ഷ പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും തകർക്കുകയെന്ന വലിയ അജണ്ടയാണിതിന് പിന്നിൽ.
ആർക്ക് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ല. ഇഷ്ടമുള്ളയാൾക്ക് വോട്ടുചെയ്യാനുള്ള അവകാശമാണ് നമ്മളിൽനിന്ന് എടുത്തുകളയുന്നത്. അതിനാൽ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നല്ല, എസ്.ഐ.ആർ പൂർണമായും റദ്ദാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരേണ്ടത്. ഒരു ഗ്യാനേഷ് കുമാർ പോയാൽ മറ്റൊരു ഗ്യാനേഷ് കുമാർ വരും. കുറ്റക്കാരെ ഒരാളെയും വെറുതെ വിടരുത്. ഓരോ പൗരനും തെരുവിലിറങ്ങി ജനാധിപത്യത്തെ സംരക്ഷിക്കാൻ ശബ്ദമുയർത്തേണ്ട സമയമാണിത് -പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
.jpg)


