വിവാഹേതര ബന്ധം സ്ഥാപിക്കാൻ സാഹചര്യത്തെളിവുകൾ മതി ; മദ്രാസ് ഹൈക്കോടതി

madras highcourt

 ചെന്നൈ: ദാമ്പത്യത്തർക്കങ്ങളിൽ വിവാഹേതര ലൈംഗികബന്ധം (അവിഹിതബന്ധം) സ്ഥാപിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹേതര ബന്ധങ്ങൾ തികച്ചും അതിരഹസ്യമായി നടക്കുന്ന കാര്യമായതിനാൽ, അതിന് നേരിട്ടുള്ള തെളിവുകൾ ഹാജരാക്കുക എന്നത് പ്രായോഗികമായി തികച്ചും ബുദ്ധിമുട്ടായിരിക്കുമെന്ന് ജസ്റ്റിസ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

തന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിച്ച് സി.ആർ.പി.എഫ് ജീവനക്കാരനായ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി. മുൻപ് ആവശ്യത്തിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഭർത്താവിന്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.

ജോലിയുടെ ഭാഗമായി ഭർത്താവ് വീട്ടിൽനിന്ന് മാറിനിൽക്കുന്ന സമയങ്ങളിൽ ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നാണ് പരാതി. ഭാര്യയും ആൺസുഹൃത്തും പലയിടങ്ങളിൽ ഒന്നിച്ച് സഞ്ചരിക്കുന്നതിന്റെയും ഒപ്പം കഴിയുന്നതിന്റെയും സാഹചര്യത്തെളിവുകൾ ഭർത്താവ് കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ, എതിർകക്ഷിയായ ആൺസുഹൃത്തിന്റെ ഭാര്യ തന്റെ ഭർത്താവിനെതിരെ പോലീസിൽ നൽകിയ പരാതിയുടെ രേഖകളും കോടതിക്ക് മുന്നിലെത്തിച്ചു. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് നേരിട്ടുള്ള തെളിവില്ലെന്ന് പറഞ്ഞായിരുന്നു കുടുംബക്കോടതി ഈ അപ്പീൽ തള്ളിയത്.

വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കണമെങ്കിൽ ദമ്പതിമാരിൽ ഒരാൾ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിയിക്കണം എന്നത് ശരിയാണെങ്കിലും, അതിന് നേരിട്ടുള്ള തെളിവ് ലഭിക്കുക ദുഷ്കരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ യുക്തിസഹമായ സാഹചര്യത്തെളിവുകളെ ആശ്രയിക്കാവുന്നതാണെന്നും, ഭർത്താവ് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കാമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

Tags