കുട്ടികളില്ല, രണ്ടാൾക്കും ജോലിയുണ്ട്, ദമ്പതികളുടെ ഒരുമാസത്തെ ചിലവ് 81,000 രൂപ! , ബെംഗളൂരുവിലെ ജീവിതച്ചെലവ് വെളിപ്പെടുത്തി യുവതി

No children, both have jobs, couple's monthly expenses are Rs 81,000!, Woman reveals cost of living in Bengaluru


മെട്രോ നഗരങ്ങളിലെ ജീവിതച്ചെലവ് നാൾക്കുനാൾ കൂടി വരികയാണ്. ഇപ്പോഴിതാ ബെംഗളൂരുവിൽ താമസിക്കുന്ന ഐശ്വര്യ ഘോഷ് എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്ങൾക്ക് വരുന്ന ഒരു മാസത്തെ ചെലവാണ് ഇവർ വീഡിയോയിൽ ഷെയർ ചെയ്തിരിക്കുന്നത്. മാസച്ചെലവുകളുടെ കണക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുട്ടികളില്ലാത്ത, വരുമാനമുള്ള ദമ്പതികളുടെ ജീവിതരീതിയും ചിലവുകളുമാണ് പോസ്റ്റിൽ കാണുന്നത്.

ബജറ്റിലെ ഏറിയ പങ്കും വീടിനായിട്ടാണ് ദമ്പതികൾ മാറ്റിവെക്കുന്നത്. വാടകയും മെയിന്റനൻസും ചേർന്ന് 29,000 രൂപയാകും. ഫർണിച്ചർ വാടകയായി 2,500 രൂപയും നൽകുന്നുണ്ട്. പലചരക്ക് സാധനങ്ങൾക്കും വീട്ടിലെ പാചകത്തിനുമായി 6,000 രൂപയും, പുറത്തുനിന്നുള്ള ഭക്ഷണത്തിനായി 4,000 രൂപയും ചെലവാകുന്നു. വീട്ടുജോലിക്ക് 2,800 രൂപ, ബൈക്കിന് ഇന്ധനം, ടാക്സി ഒക്കെയായി 2,000 രൂപ, മെട്രോയ്ക്ക് 2500 രൂപ

വൈദ്യുതി, വെള്ളം എന്നിവയ്ക്കായി 600 രൂപ വീതം, വൈഫൈ 850 രൂപ. ആറുമാസത്തിലൊരിക്കൽ എൽപിജി സിലിണ്ടറിന് 1,500 രൂപ, സുഹൃത്തുക്കളുമൊത്തുള്ള ഒത്തുചേരലിന് 5,000 രൂപയും ഷോപ്പിംഗിന് 3,000 രൂപയും. കൂടാതെ മാസംതോറും 15,000 രൂപ യാത്രകൾക്കായുള്ള ഫണ്ടിലേക്ക് മാറ്റുന്നു, എന്റർടെയിൻമെന്റിന് 2000, ​ഗിഫ്റ്റുകൾക്കും മറ്റുമായി 4000- ഇങ്ങനെയൊക്കെയാണ് ദമ്പതികളുടെ ചെലവ്. എല്ലാം കൂടി ഏകദേശം 81,600 രൂപ ഇവർക്ക് ഒരുമാസം ആകെ ചെലവ് വരും.

വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. കൃത്യമായി പറഞ്ഞിരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ, ബെംഗളൂരുവിൽ തങ്ങളുടെ ചെലവ് ഇതിന്റെ ഇരട്ടിയാണെന്നും, പ്രത്യേകിച്ച് വാടകയായി വലിയ സംഖ്യയാണ് കൊടുക്കേണ്ടി വരുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
 

Tags