തെരഞ്ഞടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു; ഉദയനിധി സ്റ്റാലിനെതിരെ കേസ്

udayanidhi

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ട്.

ചെന്നൈ: തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ കുട്ടിയെ ഉപയോഗിച്ചതിന് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ട്.

ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി ധാരാപുരത്ത് നടന്ന യോഗത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചത് തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദയനിധിക്കെതിരെ ധാരാപുരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ശനിയാഴ്ച ധാരാപുരത്തെ പെരിയാര്‍ പ്രതിമയ്ക്ക് സമീപം ഉദനിധി പങ്കെടുത്ത പൊതു യോഗത്തിലാണ് സംഭവും നടന്നതെന്നാണ് തിരുപ്പൂര്‍ ജില്ലാ പൊലീസിന്റെ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കുന്നത്.

ഉദയനിധി യോഗത്തിനിടയില്‍ ഒരു കുട്ടിയക്കൊണ്ട് സംസാരിപ്പിച്ചതായും അത് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അധിക്ഷേപമായിരുന്നെന്നുമാണ് റിപ്പോർട്ട്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചെന്നും ആരോപണമുണ്ട്. ഇത് സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags