തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായി കോട്ടും സ്യൂട്ടും ധരിച്ച് മുഖ്യമന്ത്രി ; വിജയ്‌യുടെ സത്യപ്രതിജ്ഞയിലെ വേറിട്ട കാഴ്ച , വികാരനിമിഷങ്ങൾക്ക് സാക്ഷിയായി തമിഴ്‌നാട്

For the first time in history, the Chief Minister wore a coat and suit; A unique look at Vijay's oath-taking, Tamil Nadu witnessed emotional moments

 
ചെന്നൈ: തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായി  ഒരു മുഖ്യമന്ത്രി കോട്ടും സ്യൂട്ടും ധരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യത്യസ്തവും വേറിട്ട കാഴ്ചയുമായി. കറുത്ത ബ്ലേസറും കറുത്ത പാന്റ്സുമായിരുന്നു വിജയ്‌യുടെ വേഷം.

പുഞ്ചിരിതൂകി അദ്ദേഹം സദസ്സിനെ കൈവീശി അഭിവാദ്യംചെയ്ത് രാവിലെ പത്തു മണിക്കുതന്നെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ അരികിലെത്തി. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ വിജയ്‌ക്ക്‌ ഒരു പുതുമുഖ മുഖ്യമന്ത്രിയുടെ പതർച്ച അനുഭവപ്പെട്ടില്ല. സത്യപ്രതിജ്ഞാ വാചകങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം നേരത്തേ മനഃപാഠമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സത്യവാചകത്തിന്റെ പകർപ്പിലേക്ക് നോക്കേണ്ടിയും വന്നില്ല.

ആദ്യവാചകം ഉരുവിട്ടപ്പോൾത്തന്നെ സദസ്സിൽനിന്ന് നീണ്ട കരഘോഷമുയർന്നു. ആർപ്പുവിളികളും ചൂളംവിളികളും മുഴങ്ങി. ടി.വി.കെ.യുടെ അധികാരത്തിന്റെ വരവറിയിച്ചുകൊണ്ട് അണികൾ കൂട്ടത്തോടെ വിസിൽ മുഴക്കി.

തുടർന്ന് വിജയ് പ്രസംഗം തുടങ്ങി. സിനിമാ ഡയലോഗുകളെക്കാൾ ശക്തമായ വാക്കുകളായിരുന്നു അതിലുണ്ടായിരുന്നത്. താൻ ഒരു സാധാരണക്കാരനാണെന്നും തമിഴ്‌നാട്ടിലെ സാധാരണക്കാർക്കൊപ്പം നിലകൊള്ളുമെന്നും വിജയ് വാക്കുകൊടുത്തു.

അഴിമതിക്കു കൂട്ടുനിൽക്കില്ലെന്നും ഇത്തരം ചിന്തകളുമായി ഒപ്പം നിൽക്കുന്നവർക്ക് ഇടംനൽകില്ലെന്നും വിജയ് മുന്നറിയിപ്പു നൽകി. വിജയ്‌യുടെ ഓരോ വാക്കുകളും ശക്തവും കുറിക്കുകൊള്ളുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ഒരോ വാചകങ്ങൾ പൂർത്തിയാക്കുമ്പോഴും കരഘോഷം കൂടുതൽ മുഴങ്ങിക്കേട്ടു.

ലക്ഷക്കണക്കിന് ആരാധകരും അനുയായികളും ഏറെക്കാലമായി കാത്തിരുന്ന നിമിഷം. അതിന്റെ ആകത്തുകയായിരുന്നു ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങ്. ട്വിസ്റ്റുകൾ ഒന്നൊന്നായി അതിജീവിച്ചാണ് വിജയ് മുഖ്യമന്ത്രിയാവുന്നത്. തമിഴ്‌നാട്ടിലെങ്ങും ചടങ്ങ് വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു.

പാർട്ടി പ്രവർത്തകരും ആരാധകരും മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചും സത്യപ്രതിജ്ഞ ഉത്സവാഘോഷമാക്കി. ചടങ്ങിനെത്തിയ ഒട്ടേറെ ആരാധകർ വികാരാധീനരായി സന്തോഷാശ്രുക്കൾ പൊഴിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങു പൂർത്തിയായശേഷം വിജയ് സെയ്ന്റ്‌ ജോർജ് കോട്ടയിലെ സെക്രട്ടേറിയറ്റ് മന്ദിരത്തിൽ എത്തി. അവിടെ മുഖ്യമന്ത്രിയെ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് മന്ത്രിമാരും സർക്കാരുദ്യോഗസ്ഥരും സ്വീകരണം നൽകി. മുഖ്യമന്ത്രിക്കസേരയിലിരുന്ന വിജയ് എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞാ ഫയലുകളിൽ ഒപ്പിട്ടുകൊണ്ടാണ് ഔദ്യോഗിക കാര്യനിർവഹണത്തിനു തുടക്കമിട്ടത്.

Tags