അധികാരപ്പകിട്ടുകൾ മാറ്റിവച്ച് മുഖ്യമന്ത്രി വിജയ് ; നഗ്നപാദനായി വി.എസ്. ബാബുവിന്റെ മൃതദേഹം തോളിലേറ്റി; വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

Chief Minister Vijay sets aside power grabs; Barefoot, carries V.S. Babu's body on his shoulders; Video goes viral on social media

ചെന്നൈ: പദവികളും പ്രോട്ടോക്കോളും മറികടന്ന് പ്രിയ സഹപ്രവർത്തകന്റെ മൃതദേഹം തോളിലേറ്റി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അന്തരിച്ച കൊളത്തൂർ എംഎൽഎയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വി.എസ്. ബാബുവിന്റെ അന്ത്യയാത്രയിലാണ് തമിഴകത്തെ വികാരഭരിതമാക്കിയ നിമിഷങ്ങൾ അരങ്ങേറിയത്. ചെരുപ്പ് പോലും ധരിക്കാതെ നഗ്നപാദനായാണ് വിജയ് വി.എസ്. ബാബുവിന്റെ മൃതദേഹം തോളിലേറ്റിയത്.

വെള്ളിയാഴ്ച പെരമ്പൂരിൽ നിന്നായിരുന്നു ബാബുവിന്റെ വിലാപയാത്ര ആരംഭിച്ചത്. പാർട്ടി പതാക പുതപ്പിച്ച മൃതദേഹം പുറത്തേക്കെടുത്തപ്പോൾ മറ്റ് പ്രവർത്തകർക്കൊപ്പം മുന്നോട്ടുവന്ന വിജയ് മൃതദേഹം തോളിലേറ്റുകയായിരുന്നു. തുടർന്ന് പൂക്കളാൽ അലങ്കരിച്ച വാഹനത്തിൽ മൃതദേഹം കയറ്റിയ ശേഷം, തിരു വി.ക. നഗറിലെ പല്ലവൻ ശാലൈ ശ്മശാനം വരെ 2.3 കിലോമീറ്റർ ദൂരം വിജയ് നഗ്നപാദനായി വിലാപയാത്രയ്ക്കൊപ്പം നടന്നു. യാത്രയിലുടനീളം അതീവ വികാരഭരിതനായാണ് മുഖ്യമന്ത്രിയെ കാണപ്പെട്ടത്.

ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വി.എസ്. ബാബു (75) വ്യാഴാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് വി.എസ്. ബാബു ശ്രദ്ധേയനായത്.

ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പാർട്ടിയുടെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 2006-ൽ പുരസൈവാക്കം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന്റെ വിജയത്തിന് ബാബു നിർണായക പങ്കുവഹിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2016-ൽ എഐഎഡിഎംകെയിൽ ചേർന്നു. ഈ വർഷം ഫെബ്രുവരിയിലാണ് വിജയ്‌യുടെ സാന്നിധ്യത്തിൽ ടിവികെയിൽ എത്തിയത്.

Tags