മട്ടന് പകരം ചിക്കൻ വിളമ്പി ; ബിഹാറിൽ വിവാഹ വീട്ടിൽ വൻ സംഘർഷം
ബിഹാറിലെ സാഹർസ ജില്ലയിൽ വിവാഹ സദ്യയിൽ വിളമ്പിയ വിഭവങ്ങളെച്ചൊല്ലി വൻ സംഘർഷം. സിമ്രി ബക്തിയാർപുരിൽ നടന്ന വിവാഹചടങ്ങിൽ മട്ടൺ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും പകരം ചിക്കനാണ് വിളമ്പിയത്. ഇതാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള വലിയ തർക്കത്തിനും ഒടുവിൽ അക്രമത്തിലേക്കും നയിച്ചത്.
വിവാഹത്തിലെ പ്രധാന ചടങ്ങായ നിക്കാഹ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സമാധാനപരമായ അന്തരീക്ഷത്തിൽ പൂർത്തിയായിരുന്നു. എന്നാൽ തുടർന്ന് നടന്ന വിവാഹവിരുന്നിൽ ഭക്ഷണം വിളമ്പാൻ തുടങ്ങിയതോടെയാണ് അസ്വാരസ്യങ്ങൾ ഉടലെടുത്തത്. മട്ടൺ ഉണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നതായും എന്നാൽ ചിക്കൻ മാത്രം ലഭിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും വരന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
ആദ്യം വാക്കുതർക്കമായി തുടങ്ങിയ സംഭവം പിന്നീട് ഇരുപക്ഷവും തമ്മിലുള്ള കയ്യാങ്കളിയായി മാറി. വടികളും ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതോടെ വിവാഹപ്പന്തൽ അക്രമസ്ഥലമായി മാറി. അക്രമത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇവർ ഇപ്പോൾ സിമ്രി ബക്തിയാർപുർ ഉപജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ആക്രമിക്കുന്നതും ആയുധങ്ങൾ വീശി ഭീഷണിപ്പെടുത്തുന്നതുമൊക്കെ ദൃശ്യങ്ങളിൽ വ്യക്തമാണ്. വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
.jpg)

