ചെക്ക് കേസ് ; രാം ഗോപാൽ വർമ്മക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ram gopal varma
ram gopal varma

മുംബൈ : 2018 ലെ ചെക്ക് കേസിൽ ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ്മക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. ചെക്ക് മടങ്ങിയ കേസിൽ ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന രാം ഗോപാൽ വർമ്മയുടെ അപേക്ഷ സെഷൻസ് കോടതി തള്ളി.

വാദം കേൾക്കാൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 21ന് അന്ധേരിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) വൈ.പി പൂജാരി രാം ഗോപാൽ വർമ്മ ചെക്ക് മടങ്ങിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് മാസത്തെ തടവും മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരന് 3,72,219 രൂപ നൽകാനും കോടതി വിധിച്ചിരുന്നു.

ഈ ശിക്ഷാവിധിയെ ചോദ്യം ചെയ്താണ് രാംഗോപാൽ വർമ്മ കഴിഞ്ഞ മാസം സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ചെക്കിൽ തന്റെ ഒപ്പില്ലെന്നും താൻ നൽകിയതല്ലെന്നും അദ്ദേഹം വാദിച്ചിരുന്നു. അപ്പീലിനൊപ്പം, ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും വർമ്മ അപേക്ഷിച്ചു.

എന്നാൽ, രാംഗോപാൽ വർമ്മ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ ചൊവ്വാഴ്ച അഡീഷനൽ സെഷൻസ് ജഡ്ജി എ.എ കുൽക്കർണി അദ്ദേഹത്തിന്റെ രണ്ട് ഹരജികളും തള്ളുകയായിരുന്നു. കേസ് ജൂലൈ 28ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. 2018ൽ ശ്രീ എന്ന സ്ഥാപനമാണ് ചെക്ക് മടങ്ങിയതായി പരാതിപ്പെട്ട് രാം ഗോപാൽവർമ്മക്കെതിരെ പരാതി നൽകിയത്.

Tags