ചെക്ക് ബൗൺസ് കേസ് : വിരേന്ദർ സെവാഗിന്‍റെ സഹോദരൻ അറസ്റ്റിൽ


ചണ്ഡിഗഡ്: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗിന്‍റെ സഹോദരൻ വിനോദ് സെവാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ഏഴ് കോടിയുടെ ചെക്ക് ബൗൺസ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനാണ് അറസ്റ്റ്.
2023ലാണ് വിനോദിനെയും വിഷ്ണു മിത്തൽ, സുധീർ മൽഹോത്ര എന്നിവരെയും കോടതി വിളിപ്പിച്ചത്. ഇവരും അറസ്റ്റിലായിട്ടുണ്ട്. മൂവരും ഫൂഡ് ആൻഡ് ബിവറേജസ് കമ്പനിയായ ക്സാൾട്ടയുടെ ഡയറക്ടർമാരാണ്. ശ്രീ നൈന പ്ലാസ്റ്റിക്സ് എന്ന കമ്പനിയുടെ ഉടമയായ കൃഷ്മമോഹൻ ഖന്നയാണ് വിനോദിനും പങ്കാളികൾക്കുമെതിരെ കേസ് ഫയൽ ചെയ്തത്.
തന്‍റെ ഫാക്ടറിയിൽനിന്ന് ഏഴ് കോടിയുടെ സാധനങ്ങൾ വാങ്ങിയ ക്സാൾട്ട കമ്പനി ഉടമകൾ ചെക്ക് ഉപയോഗിച്ചാണ് പേയ്മെന്‍റ് നടത്തിയതെന്നും എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങിയെന്നും ഇയാൾ പരാതിയിൽ പറയുന്നു. ഒരുകോടിയുടെ ഏഴ് ചെക്കുകളാണ് കമ്പനി കൈമാറിയത്, വിനോദിനും പങ്കാളികൾക്കും ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും അവർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വിവരം.
