ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; മഹാരാഷ്ട്രയിൽ ബി എ സിവിൽ സർവീസ് പരീക്ഷയിൽ ക്രമക്കേട്
മുംബൈ: മഹാരാഷ്ട്രയിൽ ബി എ സിവിൽ സർവീസ് പരീക്ഷയിൽ വ്യാപക ക്രമക്കേട്. പരീക്ഷ ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച് പരീക്ഷയെഴുതിയ വിദ്യാർഥികൾ പിടിയിൽ. പരീക്ഷാ ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് 300 രൂപ വീതം കൈക്കൂലി വാങ്ങിയാണ് അധികൃതർ ഇതിന് ഒത്താശ ചെയ്തത്.
300 രൂപ കൊടുത്ത് ഫോൺ ഹാളിനുള്ളിൽ കടത്തുന്ന വിദ്യാർഥികൾ യഥേഷ്ടം ഗൂഗിളിൽ നോക്കി ഉത്തരങ്ങളെഴുതുന്നതിന്റെ വീഡിയോ സഹിതം പുറത്തുവന്നു. മഹാരാഷ്ട്ര സർക്കാരിന്റെ 'കോപ്പി ഫ്രീ' ക്യാമ്പയിൻ പ്രഹസനമാക്കിക്കൊണ്ട് ഏപ്രിൽ 22-നാണ് സംഭവം നടന്നത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പിനും സർവകലാശാലയ്ക്കും എതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. സംഭവം വിവാദമായതോടെ സർവകലാശാല അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അഴിമതിക്കും ക്രമക്കേടിനും കൂട്ടുനിന്ന കോളേജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുണ്ടായിരുന്നവർക്കെതിരെയും കർശന നടപടി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. അഴിമതിയിൽ കെട്ടിപ്പടുക്കുന്ന സിവിൽ സർവീസ് ബിരുദങ്ങൾ നാളത്തെ ഭരണസംവിധാനത്തെ തന്നെ തകർക്കുമെന്ന തരത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
.jpg)

