പൂഴ്ത്തിവെപ്പ് ഇനി നടക്കില്ല ; പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ വിപണികളിൽ പഞ്ചസാരയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി പഞ്ചസാര വ്യാപാരികൾക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. പഞ്ചസാര പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായാണ് നടപടി. പഞ്ചസാര വ്യാപാരികൾക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്ക് പരിധി സർക്കാർ 4,000 ക്വിന്റലിൽ നിന്ന് 2,000 ക്വിന്റലായി കുറച്ചു. പുതിയ പരിധി 2026 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ സ്റ്റോക്ക് പരിധി 2026 നവംബർ 30 വരെ തുടരുമെന്ന് ചൊവ്വാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു. പുതിയ വ്യവസ്ഥകൾ പ്രകാരം, പഞ്ചസാര വ്യാപാരികൾക്ക് ലഭിച്ച തീയതി മുതൽ 30 ദിവസത്തിൽ കൂടുതൽ സ്റ്റോക്ക് സൂക്ഷിക്കാൻ കഴിയില്ല. രാജ്യത്ത് എവിടെയും ഏത് സമയത്തും 2,000 ക്വിന്റലിൽ കൂടുതൽ പഞ്ചസാര കൈവശം വയ്ക്കാനും അനുവദിക്കില്ല.
എന്നാൽ കൊൽക്കത്തയിലും വിപുലീകരിച്ച മെട്രോപൊളിറ്റൻ മേഖലകളിലും നിലവിലുള്ള 4,000 ക്വിന്റൽ പരിധി സർക്കാർ നിലനിർത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ പ്രത്യേക വിതരണ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ ഇളവ്. ഉത്തർപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് കൊൽക്കത്തയിലേക്ക് പഞ്ചസാര എത്തുന്നത്. തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള കിഴക്കൻ ഇന്ത്യയിലേക്ക് ഇത് വിതരണം ചെയ്യുന്നു. അതിനാൽ വിതരണ ശൃംഖലയിലൂടെയുള്ള പഞ്ചസാരയുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിനാണ് കൊൽക്കത്തയിലെ ഉയർന്ന സ്റ്റോക്ക് പരിധി നിലനിർത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ പഞ്ചസാര വ്യാപാരികൾക്ക് ഓഗസ്റ്റ് 1 മുതൽ 4,000 ക്വിന്റൽ സ്റ്റോക്ക് പരിധി സർക്കാർ ഏർപ്പെടുത്തിയിരുന്നു. അമിതമായ സ്റ്റോക്ക് ശേഖരണവും വിലയിലെ അസ്ഥിരതയും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പരിധി വീണ്ടും കുറച്ചത്. പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം വിതരണ ശൃംഖലയിലൂടെ പഞ്ചസാരയുടെ സുഗമമായ നീക്കം ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പഞ്ചസാര ലഭ്യമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.
രാജ്യത്തുടനീളം പഞ്ചസാര മില്ലുകൾ, വ്യാപാരികൾ, ഡീലർമാർ എന്നിവരുടെ സ്റ്റോക്കുകൾ നിരീക്ഷിക്കുകയും സർക്കാർ നേരിട്ടുള്ള പരിശോധന നടത്തുകയും ചെയ്ത്‌വരികയാണ്.
പരിശോധനയിൽ ചിലയിടങ്ങളിൽ അനുവദനീയമായ പരിധിയേക്കാൾ അധികം സ്റ്റോക്ക് സൂക്ഷിക്കുന്നതായും വിൽപ്പനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. വിപണിയിലെ ലഭ്യത മെച്ചപ്പെട്ടതും സർക്കാർ സ്വീകരിച്ച നടപടികളും മൂലം കഴിഞ്ഞ ദിവസങ്ങളിൽ മില്ല് തലത്തിൽ പഞ്ചസാര വില ഏകദേശം 20 ശതമാനം കുറഞ്ഞിട്ടുണ്ട്. ചില്ലറ വിൽപ്പന വിലയിലും കുറവിന്റെ സൂചനകൾ പ്രകടമാണ്. വിലയിലെ ഇടിവ് ചില്ലറ വിലയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
.jpg)

