പഞ്ചസാരക്ക് പിന്നാലെ അരിയിലും നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ ; റേഷൻ അരിയിൽ നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറക്കും
ന്യൂഡൽഹി: പഞ്ചസാരക്ക് പിന്നാലെ അരിയിലും നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് വിചിത്ര നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. എഥനോൾ ഉത്പാദനത്തിന് കരിമ്പ് ഉൽപ്പന്നങ്ങൾ വിലക്കിയതിന് പിന്നാലെയാണ് അരിക്കും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. ഇതോടെ, കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കും.
റേഷൻ അരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറക്കാനാണ് സർക്കാർ തീരുമാനം. അരിവില ഉയരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൻ്റെ നിർണായക തീരുമാനം. അതേസമയം, അരി, നെല്ല് വ്യാപാരികളുടെ സ്റ്റോക്ക് വിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, ചില്ലറ വിൽപനക്കാർ, വൻകിട റീട്ടെയിൽ ശൃംഖലകൾ, അരി മില്ലുടമകൾ, സംസ്കരണശാലകൾ എന്നിവർക്കാണ് നിർദേശം.
വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബസ്മതി അരി, പ്രീമിയം നോൺ ബസ്മതി അരി, സാധാരണ നോൺ ബസ്മതി അരി, പുഴുക്കലരി, നുറുക്കരി, നെല്ല് എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി സ്റ്റോക്ക് വിവരങ്ങൾ പ്രഖ്യാപിക്കാനാണ് നിർദേശം. ഇതിനായി കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ ഫുഡ് സ്റ്റോക്ക് പോർട്ടലിൽ (foodstock.dfpd.gov.in) എല്ലാ വെള്ളിയാഴ്ചയും വിവരങ്ങൾ പുതുക്കണം.
അരിയുടെ ഉൽപ്പാദനം ഈ വർഷം കുറഞ്ഞേക്കുമെന്ന കണക്കുകൾക്കിടയിലാണ് കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. കേരളമുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അരിയുടെയും നെല്ലിന്റെയും സ്റ്റോക്കിന് പരിധി ഏർപ്പെടുത്താനും കേന്ദ്രം അനുമതി നൽകി. 2027 ജനുവരി 31 വരെയാണ് നിയന്ത്രണം ബാധകം. ഇതിനിടെ കേരളത്തിൽ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കൂടിയത് 20 രൂപയാണ്.
രാജ്യത്തെ അരിക്ഷാമം എഥനോൾ നിർമ്മാണത്തെ ബാധിച്ചതോടെയാണ് നുറുക്ക് അരിയിൽ പിടി വീഴുന്നത്. അരിമില്ലുകളിൽ നിന്ന് എഥനോൾ നിർമ്മാണത്തിനായി നുറുക്ക് അരി സംഭരിക്കാനാണ് കേന്ദ്ര നീക്കം. അടുത്ത വർഷം മുതൽ അരിയിൽ നുറുക്ക് അരി സാന്നിധ്യം 16ൽ നിന്ന് 5 ശതമാനത്തിലേക്ക് കുറക്കാനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ, പൊതുവിതരണത്തിനായുള്ള അരിയുടെ അളവ് ഗണ്യമായി കുറഞ്ഞേക്കും. സംസ്ഥാനത്തും ഇത് നടപ്പിലാക്കാൻ സപ്ലൈകോ നീക്കങ്ങൾ തുടങ്ങി
.jpg)

