ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി വിവിധ അന്വേഷണ ഏജൻസികളെയും മന്ത്രാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ഉന്നതതല സമിതിക്ക് സർക്കാർ രൂപം നൽകി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നിർണായക നീക്കം.
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ സമിതിയിൽ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ , ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ , മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും.
വിവിധ ഏജൻസികൾക്കിടയിൽ വിവരങ്ങൾ വേഗത്തിൽ കൈമാറാനും സൈബർ തട്ടിപ്പുകാർക്കെതിരെ സംയുക്തമായി നീങ്ങാനും സമിതി ലക്ഷ്യമിടുന്നു.വ്യാജ വീഡിയോ കോളുകൾ വഴിയും മറ്റും നടക്കുന്ന ഭീഷണികൾ തടയാൻ സാങ്കേതികമായ മുൻകരുതലുകൾ സ്വീകരിക്കും
തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും തിരിച്ചറിഞ്ഞ് അവ അടിയന്തരമായി റദ്ദാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കും.പൊലീസ്, സിബിഐ അല്ലെങ്കിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കോളിലൂടെ ആളുകളെ സമീപിച്ച്, നിയമവിരുദ്ധമായ ഇടപാടുകളിൽ കുടുങ്ങിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ്.
.jpg)


