രാജ്യതലസ്ഥാനത്തെ മരങ്ങളുടെ കണക്കെടുക്കാൻ കേന്ദ്രസർക്കാർ ; ചെലവ് 2.9 കോടി
ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്ത് എത്ര മരങ്ങളുണ്ട് എന്ന് കണക്കെടുക്കാൻ കേന്ദ്രസർക്കാർ. ഇതിനായി 2.9 കോടി രൂപ ചെലവിട്ട് സെൻസസ് നടത്തും. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് സെൻസസ് നടത്തുക. നാല് വർഷമെടുത്ത് നടത്തുന്ന സെൻസസ് മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.
ഡൽഹി പ്രിസർവ്വേഷൻ ഓഫ് ട്രീസ് ആക്ട് 1994 പ്രകാരം മരങ്ങളുടെ സെൻസസ് നടത്തണം എന്നാണ് ചട്ടം. എന്നാൽ അത്തരത്തിലൊരു സെൻസസ് ഇതുവരെ നടന്നിരുന്നില്ല. ഡിസംബർ 2024ൽ സുപ്രീംകോടതി തന്നെ മരങ്ങളുടെ സെൻസസ് എടുക്കാൻ ഡൽഹി ട്രീ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് മേൽനോട്ടം വഹിക്കാനും ആവശ്യപ്പെട്ടിരുന്നു.
വനമേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മാത്രമാണ് സെൻസസ് നടക്കുക. ഡൽഹിയിലെ എല്ലാ നഗരപ്രദേശങ്ങളിലെയും മരങ്ങളെക്കുറിച്ചുള്ള ഒരു അടിസ്ഥാന വിവരശേഖരവും ദീർഘകാല ഡാറ്റാബേസും ഈ സെൻസസ് മൂലം ലഭിക്കും. നിലവിൽ സർവേ നടത്താനുള്ള രീതിശാസ്ത്രം തയ്യാറാക്കുന്ന പ്രക്രിയയിലാണ് അധികൃതർ. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലായി എത്ര മരങ്ങളുണ്ടെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല. അതിനാൽ ഈ മരങ്ങളുടെ സെൻസസ് വളരെ നിർണായകമാണ്. കൂടാതെ മരങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ഈ സർവേ നൽകും.
.jpg)


