വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണം; ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. യാത്രാ നിയന്ത്രണങ്ങളും ഘട്ടങ്ങളായുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും അടക്കം ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായുള്ള ഈ നിര്‍ദേശം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും രാജ്യത്തുടനീളമുള്ള അവരുടെ ദശലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും ബാധകമായിരിക്കും. നേരിട്ട് കാണേണ്ടത് അത്യന്താപേക്ഷിതമല്ലാത്തപക്ഷം എല്ലാ മീറ്റിങ്ങുകളും അവലോകനങ്ങളും കൂടിയാലോചനകളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രമേ നടത്താവൂ എന്നും ധനകാര്യ സേവന വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.
ചെയര്‍മാന്മാര്‍, മാനേജിങ് ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ നിശ്ചിത പരിധിയില്‍ താഴെയായി നിലനിര്‍ത്തണം. സാധ്യമാകുന്നിടത്തെല്ലാം വിദേശ യോഗങ്ങളില്‍ വെര്‍ച്വലായി പങ്കെടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതിനുപുറമെ, സ്ഥാപനങ്ങളുടെ ആവശ്യത്തിന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് വേഗത്തിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)

