ടാറ്റയിലെ ഗ്രൂപ്പ് തർക്കത്തിന് പിന്നിൽ കേന്ദ്രസർക്കാർ; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിൽ ബോർഡ് തലത്തിലുള്ള അധികാര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളെ ബിജെപി സർക്കാർ തങ്ങളുടെ കളിപ്പാട്ടം പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും രാജ്യത്തെ വ്യവസായ പ്രമുഖർക്ക് ഇതിനെതിരെ പ്രതികരിക്കാൻ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ വ്യവസായ ഭീമന്മാരായ ടാറ്റ ഗ്രൂപ്പിനെ ക്രിമിനൽ ബുദ്ധിയോടെ തകർക്കുകയാണെന്നും എന്നാൽ ഒരു വ്യവസായ പ്രമുഖനും ഒരക്ഷരം മിണ്ടാൻ ധൈര്യപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി 'എക്സിൽ' കുറിച്ചു. "നിങ്ങൾ എത്രകാലം മൗനം പാലിക്കും? അവർ നിങ്ങളെ പൂർണമായും വരുതിയിലാക്കുന്നത് വരെയാണോ? ഇന്ത്യൻ ബിസിനസ് എന്നത് മോദിയുടെയും ഷായുടെയും കളിപ്പാട്ടമല്ല. നിങ്ങൾക്ക് ധൈര്യമില്ല, എന്നാൽ ഞങ്ങൾക്ക് ഉണ്ട്. ഈ കുറ്റകൃത്യങ്ങൾക്ക് ഞങ്ങൾ നീതി ഉറപ്പാക്കും" - രാഹുൽ ഗാന്ധി പറഞ്ഞു.
ടാറ്റാ സൺസ് ബോർഡും ടാറ്റാ ട്രസ്റ്റും തമ്മിലുള്ള ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതിനെതിരെ ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 17-ലെ ബോർഡ് യോഗത്തിൽ പാസാക്കിയ ഈ പ്രമേയം കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് നോയൽ ടാറ്റയുടെ നിലപാട്. ഒക്ടോബർ 26-ന് ടാറ്റ സൺസ് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യായയ്ക്ക് അയച്ച കത്തിൽ, ഡയറക്ടർമാർക്ക് നൽകിയ മുൻകൂട്ടി ഉള്ള അജണ്ടയിൽ ചന്ദ്രശേഖരന്റെ പുനർനിയമനത്തെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിരുന്നില്ലെന്ന് നോയൽ ടാറ്റ ചൂണ്ടിക്കാട്ടിയിരുന്നു. ടാറ്റ ഗ്രൂപ്പിലെ ഈ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നിൽ കേന്ദ്രസർക്കാരാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ നീതി ഉറപ്പാക്കാൻ കോൺഗ്രസ് ശക്തമായി മുന്നോട്ടുപോകുമെന്നും രാഹുൽ വ്യക്തമാക്കി.
.jpg)


