ത്രിഭാഷാനയം:ആറാം ക്ലാസിൽ ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള മൂന്നാംഭാഷ നിർബന്ധമാക്കി സി.ബി.എസ്.ഇ
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള ത്രിഭാഷാപഠനം പുതിയ അധ്യയനവർഷത്തിൽ നടപ്പാക്കണമെന്ന് സി.ബി.എസ്.ഇ.ഇക്കൊല്ലം ആറാംക്ലാസിൽ മൂന്നാംഭാഷ പഠിപ്പിച്ചിരിക്കണമെന്നും ഇതിനകം തുടങ്ങിയില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനുമാവശ്യപ്പെട്ട് സി.ബി.എസ്.ഇ. സ്കൂളുകൾക്ക് സർക്കുലറയച്ചു. പാഠപുസ്തകങ്ങൾ വൈകാതെ എത്തിക്കാമെന്നും നിലവിൽ ലഭ്യമായ പുസ്തകങ്ങൾവെച്ച് മൂന്നാംഭാഷ പഠിപ്പിക്കാനുമാണ് നിർദേശം. ഏപ്രിൽ ഒന്നുമുതൽ സി.ബി.എസ്.ഇ. സ്കൂളുകളിൽ ക്ലാസ് തുടങ്ങിയ പശ്ചാത്തലത്തിലാണ് സർക്കുലർ.
ഏതുഭാഷയാണ് മൂന്നാം ഭാഷയായി തിരഞ്ഞെടുക്കുന്നതെന്ന് സ്കൂളുകൾ ബന്ധപ്പെട്ട മേഖലാ ഓഫീസുകളെ അറിയിക്കണം. സി.ബി.എസ്.ഇ.യുടെ ഓൺലൈൻ പോർട്ടലിലും അപ്‌ഡേറ്റ് ചെയ്യണം.
2026-‘27 അധ്യയനവർഷം മുതൽ ത്രിഭാഷാനയം നിർബന്ധമാക്കി അടുത്തിടെ സി.ബി.എസ്.ഇ. പാഠ്യപദ്ധതി പരിഷ്കരിച്ചിരുന്നു. ഈവർഷം ആറാം ക്ലാസിൽത്തുടങ്ങി അടുത്തടുത്ത വർഷങ്ങളിൽ തുടർന്നുള്ള ക്ലാസുകളിലും മൂന്നാംഭാഷ പഠിപ്പിക്കും. പഠിക്കാനുള്ള മൂന്നുഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നും വ്യവസ്ഥയുണ്ട്.
.jpg)

