വിദ്യാര്‍ത്ഥികളെ വലച്ച് സിബിഎസ്ഇയുടെ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങ് ; പരാതി പ്രവാഹം

CBSE

വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.

വിദ്യാര്‍ത്ഥികളെ വലച്ച് സിബിഎസ്ഇയുടെ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങ് മൂല്യനിര്‍ണയ പിഴവില്‍ 200 ലധികം പരാതികളാണ് സിബിഎസ്ഇക്ക് ഇതുവരെ ലഭിച്ചത്. മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് വലിയ പിഴവുകളെന്നാണ് പരാതി. പല വിദ്യാര്‍ത്ഥികളുടെയും ഉത്തരകടലാസുകള്‍ മുഴുവനായി സ്‌കാന്‍ ചെയ്തിട്ടില്ല. മാര്‍ക്ക് നല്‍കിയതിലും വലിയ അലംഭാവമാണ് ഉണ്ടായിരിക്കുന്നത്. പരാതി നല്‍കാന്‍ കേന്ദ്രീകൃത സംവിധാനമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയത്തിനെതിരായി പരാതികള്‍ കുന്നുകൂടുകയാണ്. പ്രശ്‌നം പരിഹരിച്ചെന്ന് സിബിഎസ്ഇ ആവര്‍ത്തിക്കുമ്പോഴും ലഭിച്ച ഉത്തരകടലാസുകളില്‍ പേജുകള്‍ പൂര്‍ണ്ണമായി ഇല്ലെന്ന പരാതിയുമായി കേരളത്തില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പേജുകള്‍ പലതും സ്‌കാനിംഗില്‍ നഷ്ടപ്പെട്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. അതേസമയം, ഉത്തര കടലാസിന്റെ പകര്‍പ്പ് മാറി നല്‍കിയതിലെ വീഴ്ച സിബിഎസ്ഇ സമ്മതിച്ചു.

വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സിബിഎസ്ഇയുടെ പുതിയ OSM മാര്‍ക്കിംഗ് സംവിധാനം. ശരിയായി എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെന്ന പരാതിയാണ് ആദ്യം വന്നത്. പിന്നീട് പുനര്‍മൂല്യനിര്‍ണ്ണയത്തിനായുള്ള അപേക്ഷ നടപടികള്‍ ആകെ പാളി. ഇപ്പോള്‍ ഇതാ ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിച്ച കേരളത്തിലെ വിദ്യാര്‍ത്ഥി 2 പേജുകള്‍ കാണാനില്ലെന്നാണ് പരാതിപ്പെടുന്നത്. ഈ പേജുകളില്‍ എഴുതിയ മൂന്ന് മാര്‍ക്കിന്റെ ഉത്തരം മൂല്യനിര്‍ണയത്തില്‍ വന്നിട്ടില്ലെന്നും പറയുന്നു. പേജുകള്‍ സ്‌കാനിംഗ് സമയത്ത് പരീക്ഷ ഏജന്‍സിയുടെ അലംഭാവം മൂലം നഷ്ടപ്പെട്ടതാകാമെന്നാണ് തൃശൂര്‍ സ്വദേശി വൈഗാ ലക്ഷ്മി ചൂണ്ടിക്കാട്ടുന്നത്.

Tags