സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണയം: പോർട്ടലിൽ സാങ്കേതിക തകരാർ
ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന്റെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റിൽ സാങ്കേതിക തകരാർ. പോർട്ടൽ അപ്രതീക്ഷിതമായി തകരാറിലായതോടെ അപേക്ഷിക്കാൻ കഴിയാതെ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ആശങ്കയിലായിരിക്കുന്നത്. പ്രശ്നം ഗുരുതരമായ പശ്ചാത്തലത്തിൽ പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകിയേക്കുമെന്നാണ് സൂചന. തകരാർ അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
'ഓൺ സ്ക്രീൻ മാർക്കിങ്' സിസ്റ്റം വഴിയുള്ള മൂല്യനിർണയത്തിലെ അപാകതകൾ കാരണം ധാരാളം വിദ്യാർത്ഥികളാണ് ഇത്തവണ പുനർമൂല്യനിർണയത്തിനായി രംഗത്തെത്തിയത്. എന്നാൽ പോർട്ടൽ മൂന്ന് ദിവസം പിന്നിട്ടിട്ടും തകരാറിലാണ്. വെബ്‌സൈറ്റിൽ കയറുമ്പോൾ ‘സൈറ്റ് അണ്ടർ മെയിന്റനൻസ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. നിലവിലെ വിജ്ഞാപനപ്രകാരം മെയ് 23നാണ് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായിട്ടും അപേക്ഷ ലഭിച്ചില്ലെന്ന് കാണിക്കുക, പേയ്‌മെന്റ് പരാജയപ്പെടുക, ക്യുആർ കോഡ് ലഭ്യമാകാതിരിക്കുക തുടങ്ങിയ പരാതികൾ വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം. cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്. ഇതിന് 700 രൂപയാണ് ഫീസ്. മാർക്ക് വെരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ്.
ഉത്തരക്കടലാസിന്റെ പകർപ്പിനായി വെബ്സൈറ്റിലെ 'Apply For Answer Book' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. റോൾ നമ്പർ അടക്കം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫീസ് നൽകുക. ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാകുമ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മാർക്ക് വെരിഫിക്കേഷനായി, ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമായ ശേഷം മാർക്ക് കൂട്ടിയതിൽ തെറ്റ് ഉണ്ടായോ എന്ന് വിദ്യാർഥികൾക്ക് പരിശോധിക്കാം. ഇതിനായി 'cbse.gov.in'-ൽ പ്രവേശിച്ച് 'Apply for Re-verification' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ ഫീസ് നൽകിയ ശേഷം സബ്മിറ്റ് ചെയ്ത് അക്നോളജ്മെന്റ് സേവ് ചെയ്യുക.
പുനർമൂല്യനിർണയത്തിനായി ഓരോ വിഷയത്തിലും 10 ചോദ്യങ്ങൾ വരെ തിരഞ്ഞെടുക്കാം. അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക. പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായിരിക്കും, ഇത് പിന്നീട് മാറ്റാൻ കഴിയില്ല. ചോദ്യപേപ്പറും മാർക്കിങ് സ്കീമും ഒത്തുവെച്ചാണ് ഉത്തരക്കടലാസ് പരിശോധിക്കേണ്ടത്. വളരെ ശ്രദ്ധയോടെ ഉത്തരങ്ങൾ പരിശോധിച്ച് മാർക്ക് കൃത്യമായി നൽകാത്ത ചോദ്യങ്ങൾ കണ്ടെത്തുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ കണ്ടെത്തിയ വിവരങ്ങൾ വ്യക്തമായി നൽകുക. ഇത് ഉത്തരക്കടലാസ് പരിശോധിക്കുന്ന വിദഗ്ധർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണം.
.jpg)

