സിഖ് വിരുദ്ധ കലാപക്കേസിൽ ജഗദീഷ് ടൈറ്റ്‌ലറിനെതിരെ സി.ബി.ഐ കുറ്റപത്രം

google news
Jagdish

ന്യൂഡൽഹി: 39 വർഷം പഴക്കമുള്ള സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിനെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കോൺഗ്രസ് നേതാവിന്‍റെ പേര് കുറ്റപത്രത്തിൽ ചേർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

1984-ൽ പുൽ ബംഗഷ് ഏരിയയിൽ മൂന്ന് പേർ കൊല്ലപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ടൈറ്റ്‌ലറുടെ ശബ്ദ സാമ്പിളുകൾ കഴിഞ്ഞ മാസം സി.ബി.ഐ ശേഖരിച്ചിരുന്നു. ആൾക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാണ് ടൈറ്റ്‌ലറിനെതിരായ കേസ്.

കലാപം അന്വേഷിച്ച നാനാവതി കമ്മീഷൻ റിപ്പോർട്ടിലും ടൈറ്റ്‌ലറുടെ പേരുണ്ട്. എന്നാൽ തനിക്കെതിരേ ഒരു തെളിവ് പോലും ഇല്ലെന്ന് ടൈറ്റ്‌ലർ പറഞ്ഞു.

"ഓപ്പറേഷൻ ബ്ലൂ സ്റ്റാർ" ന് ശേഷം 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അംഗരക്ഷകർ കൊലപ്പെടുത്തിയത് രാജ്യത്തെ സിഖ് സമുദായത്തിന് നേരെ ആക്രമണങ്ങൾക്ക് കാരണമായിരുന്നു. കലാപത്തിൽ 3000 പേരെങ്കിലും കൊല്ലപ്പെട്ടു. കേസിൽ ടൈറ്റ്‌ലറിന് മൂന്ന് തവണ സി.ബി.ഐ ശുദ്ധി പത്രം നൽകിയിരുന്നുവെങ്കിലും വിഷയം കൂടുതൽ അന്വേഷിക്കാൻ കോടതി ഏജൻസിയോട് ആവശ്യപ്പെടുകയായിരുന്നു. ഒരുകാലത്ത് ഡൽഹിയിലെ കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്ന ടൈറ്റ്‌ലർ സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരിൽ വ്യാപക വിമർശനങ്ങൾ നേരിട്ടിരുന്നു. ടൈറ്റ്‌ലറിനെ കഴിഞ്ഞ തവണ ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും വ്യാപക ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു.

 

Tags