ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന് കൊണ്ടുപോകാം; ഉത്തരവിട്ട് ബെംഗളൂരുവിലെ സിബിഐ കോടതി


ചെന്നൈ: ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന് കൊണ്ടുപോകാമെന്ന് ഉത്തരവിട്ട് ബെംഗളൂരുവിലെ സിബിഐ കോടതി
. തൊണ്ടിമുതലിൽ അവകാശമുന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർജി നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സ്വത്തുക്കൾ തമിഴ്നാടിന് കൈമാറുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ പിടിച്ചെടുത്തവയാണ് തൊണ്ടിമുതൽ. പോയസ് ഗാർഡനിലെ വീട്ടിൽ നിന്ന് 1996ൽ ആയിരുന്നു ഇവ പിടിച്ചെടുത്തത്. 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. 2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് കേസ് രജിസ്റ്റർ ചെയ്തത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ കർണാടക ഹൈക്കോടതി 2015ൽ കുറ്റവിമുക്തയാക്കിയിരുന്നു. 100 കോടി രൂപ പിഴയും നാല് വർഷം തടവും വിധിച്ച് ബാംഗ്ലൂർ പ്രത്യേക കോടതി 2014 സെപ്റ്റംബർ 27-ന് പുറപ്പെടുവിച്ച ഉത്തരവായിരുന്നു കർണാടക ഹൈക്കോടതി റദ്ദാക്കിയത്.
