ഇസ്‍ലാമിനും മുഹമ്മദ് നബിക്കും എതിരെ നിന്ദ പരാമർശം ; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

Police have registered a case against Basanagouda Patil Yatnal.
Police have registered a case against Basanagouda Patil Yatnal.

ബംഗളൂരു: ഇസ്‍ലാമിനും മുഹമ്മദ് നബിക്കും എതിരെ നിന്ദ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എയും ഹിന്ദുത്വ വാദിയുമായ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച ഹുബ്ബള്ളിയിൽ നടന്ന രാമനവമി ആഘോഷ ചടങ്ങിനിടെയായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. മുഹമ്മദ് ഹന്നാൻ ഷെയ്ക്ക് എന്നയാളു​ടെ പരാതിയിൽ വിജയപുര ഗോൽഗുംബസ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇസ്‍ലാമിനും മുഹമ്മദ് നബിക്കുമെതിരെ നിന്ദ പരാമർശം നടത്തിയതിന് പുറമെ, പ്രകോപനപരമായ പ്രസ്താവന നടത്തിയതായും പരാതിയിൽ പറഞ്ഞു. ബാലാസാഹേബ് താക്കറെയുടെ വീട്ടിലാണ് പ്രവാചകൻ മുഹമ്മദ് പിറന്നതെന്നായിരുന്നു യത്നാലിന്റെ പരാമർശം. ഇതിലൂടെ മുസ്‍ലിംകളുടെ മതവികാരത്തെ യത്നാൽ വ്രണപ്പെടുത്തിയെന്നും സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിൽ പ്രകോപന പ്രസ്താവന നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരായ പരസ്യ വിമർശനത്തിന്റെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ യത്നാലിനെ ബി.ജെ.പി ആറു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്​പെൻഡ് ചെയ്തിരുന്നു. തന്റെ ആദർശം ഹിന്ദുത്വ രാഷ്ട്രീയമാണെന്ന് പ്രഖ്യാപിച്ച യത്നാൽ, പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. മുമ്പും മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ നേതാവാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ ബസനഗൗഡ പാട്ടീൽ യത്നാൽ.

Tags