ഹോർമുസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ മരിച്ചു

Iran's parliament approves closing of Strait of Hormuz, world's main oil shipping route

 മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇന്ത്യൻ പൗരന്റെ മരണം സ്ഥിരീകരിച്ചത്. യുപി സ്വദേശി സൂരജ് യാദവിനാണ് ജീവൻ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കപ്പലിൽ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാർ ഉൾപ്പെടെ 28 പേരാണ്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവർത്തനം ഉൾപ്പെടെ നൽകിയ പിന്തുണയ്ക്ക് ഒമാൻ അധികൃതർക്ക് നന്ദി അറിയിക്കുന്നുവെന്നും ഇന്ത്യ. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ആവർത്തിച്ചു.

ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതിൽ അതീവ ദുഃഖമുണ്ടെന്നും മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ഒമാൻ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസസ് ലൈസൻസ് ഏജൻസിയുമായി സഹകരിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

Tags