തമിഴ്നാട്ടില്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വന്‍ ദുരന്തം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം
ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്നവര്‍ ആണ് അപകടത്തില്‍ പെട്ടത്
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേര് മരിച്ചു. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം. നാമക്കല്‍ ജില്ലയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുത്ത ശേഷം പത്തോളം പേര് കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. തുറയൂര്‍-മുസിരി റോഡില്‍ ജംബുനാഥപുരത്തിന് സമീപം വെച്ച് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ റോഡരികിലേക്ക് തെന്നിമാറി മരത്തിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു.
ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്നവര്‍ ആണ് അപകടത്തില്‍ പെട്ടത്. നാമക്കലില്‍ സഹപ്രവര്‍ത്തകന്റെ വീട്ടിലെ ചടങ്ങിന് ശേഷം മടങ്ങുമ്പോള്‍ ആണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന മാണിക്യം, സങ്കിലി, മുരുകന്, രാജേഷ്, പാവാടൈ എന്നിവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് യാത്രക്കാരെ ഉടന്‍തന്നെ മുസിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശക്തിവേല്‍, സുബ്രഹ്മണി, സീതാരാമന് എന്നിവര്‍ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
ജംബുനാഥപുരം പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി തകര്‍ന്ന കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മുസിരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളും ഇഷ്ടികചൂള തൊഴിലാളികളുമാണ്.
.jpg)

