ഒരു ബില്ലിനെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന് പറയാനാകുമോ ; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ചതില്‍ ന്യായീകരണവുമായി കനിമൊഴി

kanimozhi

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ബില്‍ ബിജെപി കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും ഇടത്പാര്‍ട്ടികളും പിന്തുണച്ചു.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ചതില്‍ ന്യായീകരണവുമായി ഡിഎംകെ നേതാവ് കനിമൊഴി. ഒരു ബില്ലിനെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന് പറയാനാകുമോയെന്ന് കനിമൊഴി ചോദിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ബില്‍ ബിജെപി കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും ഇടത്പാര്‍ട്ടികളും പിന്തുണച്ചു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന് പറയാനാകുമോയെന്നും കനിമൊഴി ചോദിച്ചു. ഡീലിമിറ്റേഷനെക്കുറിച്ചുള്ള നിലപാട് പാര്‍ട്ടി മാറ്റിയിട്ടില്ലെന്നും, ന്യായമായ അതിര്‍ത്തി നിര്‍ണയം എപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പ്രക്രിയയെ പൂര്‍ണമായും എതിര്‍ത്തിട്ടില്ലെന്നും കനിമൊഴി പറഞ്ഞു.

തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കാന്‍ കേന്ദ്രം സമ്മതിച്ചതായും അവര്‍ പറഞ്ഞു. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള മുന്‍ നിര്‍ദ്ദേശം പ്രകാരം തമിഴ്നാടിന്റെ ലോക്സഭാ പ്രാതിനിധ്യം 39 ല്‍ നിന്ന് 32 ആയി കുറയ്ക്കുമായിരുന്നുവെന്ന് കനിമൊഴി പറഞ്ഞു. എന്നാല്‍ പുതിയ നിര്‍ദേശ പ്രകാരം 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്നതിലൂടെ തമിഴ്‌നാടിന് 59 എംപിമാരെ ലഭിക്കുമെന്നും കനിമൊഴി വ്യക്തമാക്കി. സെന്‍സസ് അടിസ്ഥാനമാക്കിയുള്ള ഡീലിമിറ്റേഷന്‍ പ്രക്രിയ മരവിപ്പിക്കണമെന്നും സംസ്ഥാനത്തിന്റെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനായി സീറ്റുകളുടെ 50 ശതമാനം വര്‍ദ്ധനവ് വേണമെന്നും ഡിഎംകെ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags