നന്ദിഗ്രാം, റെജിനഗര്‍ നിയമസഭാ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസും ഇടത് മുന്നണിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

congress

ഉള്‍പാര്‍ട്ടി ഭിന്നത രൂക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗിക ചിഹ്നം ആര്‍ക്ക് ലഭിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 6-ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടത് മുന്നണിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എന്നാല്‍ ഉള്‍പാര്‍ട്ടി ഭിന്നത രൂക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗിക ചിഹ്നം ആര്‍ക്ക് ലഭിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നന്ദിഗ്രാം മണ്ഡലത്തില്‍ വിജയിച്ച ബി.ജെ.പി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായതിന് പിന്നാലെ സ്ഥാനം രാജിവെച്ചതാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കാരണം. റെജിനഗറില്‍ വിജയിച്ച എ.ജെ.യു.പി നേതാവ് ഹുമയൂണ്‍ കബീറും തന്റെ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഒക്ടോബര്‍ 6-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 9-നാണ് വോട്ടെണ്ണല്‍.


കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി പുറത്തുവിട്ടു. റെജിനഗറില്‍ മുഹമ്മദ് അബ്ദുള്ളഹില്‍ കാഫി, നന്ദിഗ്രാം മണ്ഡലത്തില്‍ മിലന്‍ പ്രധാന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. അഡ്വ. സയീദ് അസദ് അലി റെജിനഗറില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായും ശാന്തി ഗോപാല്‍ ഗിരി നന്ദിഗ്രാമില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുമെന്ന് ഇടതുമുന്നണി നേതൃത്വം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഫല്‍ത്ത ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ (എം) സ്ഥാനാര്‍ത്ഥി ശംഭുനാഥ് കുര്‍മി തൃണമൂലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി, ജനകീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാഷ്ട്രീയ സ്വാധീനം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.

അതിനിടെ ഭിന്നിച്ച് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചിഹ്നത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത വിഭാഗീയത മൂലം ഔദ്യോഗിക ചിഹ്നമായ 'രണ്ട് പൂക്കളും പുല്‍ച്ചെടിയും' ആര്‍ക്ക് അനുവദിക്കുമെന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനമെടുത്തിട്ടില്ല. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കാന്‍ വൈകിയാല്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നമില്ലാതെ സ്വതന്ത്രരായി മത്സരിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. സംസ്ഥാനത്ത് മൃഗീയ ഭൂരിപക്ഷം നേടി അധികാരം പിടിച്ച ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Tags