സ്വർണം വിറ്റ് ഭാര്യയുടെ ക്വട്ടേഷൻ , ഉറങ്ങിക്കിടക്കുമ്പോൾ വെടിവെച്ചു; ഉത്തർപ്രദേശിൽ ബിഎസ്എഫ് ജവാന് ദാരുണാന്ത്യം
മീററ്റ്: ഉത്തർപ്രദേശിൽ ബിഎസ്എഫ് കോൺസ്റ്റബിളിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ കോൺസ്റ്റബിളിന്റെ ഭാര്യ കോമൾ ദേവി (32), ആൺസുഹൃത്ത് ഗുൽഷൻ, ഇവരുടെ കൂട്ടാളികളായ രാഹുൽ, ഗുഡ്ഡു, മോണ്ടു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിൽ ജോലി ചെയ്തിരുന്ന ബിഎസ്എഫ് കോൺസ്റ്റബിൾ നൈൻ സിങ് (35) അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. നൈൻ സിങിന്റെ പിതാവ് ഗരീബ് ദാസ് നൽകിയ പരാതിയിൽ അയൽവാസികളായ നാലുപേരെയാണ് ആദ്യം സംശയിച്ചിരുന്നത്.
അന്വേഷണത്തിൽ ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. തുടർന്ന് ഫോൺ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചപ്പോഴാണ്, ജവാന്റെ ഭാര്യ കോമൾ ദേവി ഭർത്താവിന്റെ ബന്ധുവായ ഗുൽഷനുമായി സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധം നൈൻ സിങ് എതിർത്തിരുന്നു. ഇത് ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു.
ചോദ്യം ചെയ്യലിൽ ഗുൽഷൻ കുറ്റം സമ്മതിച്ചു. കോമളിനും മറ്റ് മൂന്ന് കൂട്ടാളികൾക്കുമൊപ്പം ചേർന്നാണ് നൈൻ സിങിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ഇയാൾ മൊഴി നൽകി. കൊലപാതകത്തിന് ആവശ്യമായ തോക്ക് വാങ്ങുന്നതിനായി കോമൾ തന്റെ സ്വർണാഭരണങ്ങൾ വിറ്റതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.
.jpg)


