മകളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ആറുവർഷത്തോളം ; പിതാവിന് 20 വർഷം കഠിനതടവ്

rape

 ഒഡീഷ: ജാജ്പൂരിൽ മകളെ ആറുവർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 20 വർഷത്തെ കഠിനതടവ് വിധിച്ച് കോടതി. സുകിന്ദ സ്വദേശിയായ ഹൃദയാനന്ദ മഹാന്ത എന്നയാൾക്കാണ് ജാജ്പൂർ പ്രത്യേക പോക്സോ കോടതി ജഡ്ജി അഭിലാഷ് സേനാപതി ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമെ 50,000 രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് 12 വയസ്സുള്ളപ്പോൾ ആരംഭിച്ച പീഡനം, അവളുടെ വിവാഹശേഷവും പ്രതി ഭീഷണിപ്പെടുത്തി തുടർന്നിരുന്നു. അതേസമയം, കൃത്യത്തിന് കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെട്ട പ്രതിയുടെ രണ്ടാം ഭാര്യയെയും മറ്റൊരു സ്ത്രീയെയും മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.

2017-ൽ പെൺകുട്ടി ജാജ്പൂർ ജില്ലയിലെ അവളുടെ അമ്മാവന്റെ വീട്ടിൽ താമസിച്ച് ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് പീഡനങ്ങളുടെ തുടക്കം. മാതാപിതാക്കൾ ഇടക്കിടെ മകളെ കാണാൻ ഇവിടെ എത്താറുണ്ടായിരുന്നു. ഈ സന്ദർശനവേളകളിൽ പിതാവ് തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി കോടതിയിൽ മൊഴി നൽകി. അമ്മയോട് വിവരം പറഞ്ഞിരുന്നെങ്കിലും കുടുംബത്തിന്റെ അന്തസ്സും മാനവും ഓർത്ത് മിണ്ടാതിരിക്കാനാണ് അവർ ആവശ്യപ്പെട്ടത്.

പെൺകുട്ടിക്ക് 14 വയസ്സുള്ളപ്പോൾ മുത്തശ്ശന്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് ആദ്യമായി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. പിന്നീട് കേന്ദുഝറിലെയും കട്ടക്കിലെയും കോളേജുകളിൽ ഉപരിപഠനത്തിന് ചേർന്നപ്പോഴും പ്രതി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡനം തുടർന്നു. പെൺകുട്ടി കഴിച്ചിരുന്ന പ്രോട്ടീൻ പൗഡറിൽ രണ്ടാനമ്മ മയക്കുമരുന്ന് കലർത്തി നൽകിയിരുന്നതായും, ഈ സമയം ബോധരഹിതയായ മകളെ പ്രതി പീഡിപ്പിക്കുകയും മറ്റൊരു സ്ത്രീ ഇത് മൊബൈലിൽ പകർത്തുകയും ചെയ്തതായും പ്രൊസിക്യൂഷൻ ആരോപിച്ചിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ ദുരവസ്ഥ മനസ്സിലാക്കിയ മറ്റൊരു ബന്ധു ഇടപെട്ട് 2024 ഫെബ്രുവരിയിൽ ധേൻകനാലിലുള്ള ഒരു യുവാവുമായി അവളുടെ വിവാഹം കഴിപ്പിച്ചു. എന്നാൽ വിവാഹശേഷവും പിതാവിന്റെ വീട്ടിലേക്ക് വരാൻ പെൺകുട്ടി വിസമ്മതിച്ചതോടെ പ്രതി അവളുടെ നഗ്നചിത്രങ്ങൾ ഭർതൃമാതാവിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഭർതൃമാതാവ് സമയോചിതമായി ഇടപെട്ട് അവളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവിൽ 2024 ഡിസംബറിൽ അമ്മാവന്റെ വീട്ടിൽ അഭയം തേടിയ പെൺകുട്ടി 'സഖി' എന്ന വൺ-സ്റ്റോപ്പ് സെന്ററിന്റെ സഹായത്തോടെ പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്. തുടർന്ന് 2024 ഡിസംബർ 10-ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Tags