ഡൽഹിയിലെ മൂന്ന് സ്കൂളുകളിൽ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇ മെയിൽ വഴി, പരിശോധന

Bomb threat to three schools in Delhi; message received via email, investigation underway

ദില്ലി: ഡൽഹിയിലെ മൂന്ന് സ്കൂളുകളിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച ഇമെയിൽ മുഖേനെയാണ് ഭീഷണി സന്ദേശം എത്തിയത്. ചാണക്യപുരിയിലെ ബ്രിട്ടീഷ് സ്കൂൾ, ദൗള ഖാനിലെ ആർമി പബ്ലിക് സ്കൂൾ, ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 11.30നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി ആർമി പബ്ലിക് സ്കൂൾ അധികൃതർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. മറ്റു സ്കൂളുകളിൽ ബോംബ് ഭീഷണി ഉണ്ടായ വിവരം പൊലീസിനാണ് ലഭിച്ചത്.

തുടർന്ന് വിദ്യാർഥികളെ ഒഴിപ്പിച്ച ശേഷം പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് മൂന്ന് സ്കൂളുകളിലും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്ദപമായ യാതൊന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം എത്തിയ ഇമെയിലിന്‍റെ ഉറവിടം കണ്ടെത്താനായി പൊലീസ് തുടരന്വേഷണം നടത്തുകയാണ്. ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി ഉണ്ടാവുന്നത് പതിവാണ്. സമീപ കാലത്ത് നിരവധി സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഭൂരിഭാഗവും വ്യാജ ഭീഷണികളാണ്. അതേസമയം ബോംബ് ഭീഷണികളെ പൊലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

Tags