മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിമാനത്താവളത്തിലും അമിതാഭ് ബച്ചന്റെ വസതിയിലും സുരക്ഷ ശക്തമാക്കി

Bomb threat in Mumbai; Security tightened at airport and Amitabh Bachchan's residence

മുംബൈ: നഗരത്തിലെ വിവിധ ഇടങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയിൽ ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. വിമാനത്താവളം, മേയറുടെ ഓഫിസ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ വസതിയായ ജൽസ, പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ (പിഎൻബി) ശാഖ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. വ്യാഴാഴ്ച രാവിലെ 10.52നാണ് ഇമെയിൽ ലഭിച്ചത്. ഉച്ചയ്ക്ക് 1.11ന് മുംബൈയിലെ പിഎൻബി ശാഖയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇമെയിലിൽ വ്യക്തമാക്കിയിരുന്നു. നവംബർ 27, ഡിസംബർ 31 എന്നീ തീയതികളും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.

ബാങ്കുകൾ, ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം, മഹാലക്ഷ്മി സ്റ്റേഡിയം, അമിതാഭ് ബച്ചന്‍റെ ജൽസ ബംഗ്ലാവ്, മേയറുടെ ഓഫിസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീഷണിയാണ് ലഭിച്ചിട്ടുള്ളത്. ഖലിസ്ഥാൻ, 'ഖലിസ്ഥാൻ നാഷനൽ ആർമി' എന്ന പേരിലുള്ള സംഘടന എന്നിവയെക്കുറിച്ചും സന്ദേശത്തിൽ പരാമർശമുണ്ട്. ഭീഷണിയുടെ ആധികാരികതയും ഇമെയിൽ അയച്ചയാളുടെ പേരുവിവരവും ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മുംബൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags