ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞു: രണ്ടു മരണം, അഞ്ച് പേരെ കാണാതായി

Boat capsizes in Ganga river: Two dead, five missing


പാറ്റ്‌ന: ഗംഗാ നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പാറ്റ്‌ന ജില്ലയിലെ ഉമാനാഥ് ഗംഗാ ഘട്ടിലാണ് സംഭവം. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 15 പേർ ബോട്ടിലുണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ടവരിൽ ചിലരെ ഇവർ ബോട്ടിൽ രക്ഷപ്പെടുത്തിയിരുന്നു.

"ബോട്ടിൽ ഏകദേശം 14 മുതൽ 15 പേരുണ്ടായിരുന്നു. ഏഴ് പേരെ കാണാതായതായി സംശയിക്കുന്നു. മറ്റുള്ളവരെ മറ്റൊരു ബോട്ടിൽ രക്ഷപ്പെടുത്തി. ഇതുവരെ എത്ര പേർ മുങ്ങിമരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല."- ദൃക്സാക്ഷിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ശക്തമായ കാറ്റിൽ ബോട്ട് മറിഞ്ഞുവെന്ന വിവരമാണ് ലഭിച്ചതെന്ന് ബാർഹ് എസ്ഡിപിഒ രാമകൃഷ്ണ പറഞ്ഞു. ബോട്ടിൽ 14 പേരുണ്ടായിരുന്നു. ഏഴ് പേർ സുരക്ഷിതരാണ്. രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ച് പേരെ കാണാതായിട്ടുണ്ട്. എസ്ഡിആർഎഫ് ടീമുകൾ എത്തി തിരച്ചിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags