രാജസ്ഥാനിൽ പാകിസ്ഥാൻ അതിർത്തിക്ക് സമീപം റെയിൽവേ പാളത്തിൽ സ്ഫോടനം; തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു
ജയ്പുർ: രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ പാളത്തിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ പാളത്തിലെ കോൺക്രീറ്റ് സ്ലീപ്പറുകൾ തകർന്നു. ഇതേത്തുടർന്ന് സൂറത്ത്ഗഢ്-അനൂപ്ഗഢ് റൂട്ടിലെ പാസഞ്ചർ ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കി. സംഭവത്തിൽ രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയും (ATS) രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി 50 ജിബി ഗ്രാമത്തിന് സമീപമാണ് സംഭവം. അനൂപ്ഗഢിൽ നിന്ന് സൂറത്ത്ഗഢിലേക്ക് പോയ പാസഞ്ചർ ട്രെയിൻ കടന്നുപോയി ഏകദേശം 45 മിനിറ്റിന് ശേഷമായിരുന്നു സ്ഫോടനം. പാളത്തിന് താഴെ രണ്ടിഞ്ചോളം ആഴത്തിൽ കുഴി രൂപപ്പെടുകയും കോൺക്രീറ്റ് സ്ലീപ്പറുകൾ തകരുകയും ചെയ്തിട്ടുണ്ട്. സ്ഫോടന ശബ്ദം കേട്ട് 200 മീറ്റർ അകലെ താമസിക്കുന്ന ഗ്രാമവാസികൾ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസും എൻജിനീയറിങ് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കളും ഇതിന് പിന്നിലെ ലക്ഷ്യവും കണ്ടെത്താനായി ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. മുൻകരുതലിന്റെ ഭാഗമായി നോർത്ത് വെസ്റ്റേൺ റെയിൽവേ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
.jpg)

