സ്വന്തം പാർട്ടിയുടെ മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.എൽ.എ ഉമാനാഥ കൊട്ടിയൻ

umanatha

ബംഗളൂരു: പാർട്ടിയുടെ മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ പരസ്യ വിമർശനവുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ. മൂദ്ബിദ്രി മണ്ഡലത്തിലെ എം.എൽ.എ ആയ ഉമാനാഥ കൊട്ടിയൻ ആണ് പാർട്ടിക്കെതിരെ വിമർശനമുന്നയിച്ചത്.

‘മുസ്‌ലിംകളും ക്രിസത്യാനികളും നമുക്ക് വോട്ട് ചെയ്യില്ലെന്നാണ് നമ്മുടെ നേതാക്കൾ വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ അവർ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല. ആരും അതിനെക്കുറിച്ച് പറയുന്നില്ല. പക്ഷെ ഞാൻ സത്യസന്ധനാണ്. നമ്മുടെ നേതാക്കൾ അഹങ്കാരികളാണ്. ഈ മാനസികാവസ്ഥക്ക് എതിരെയാണ് ഞാൻ പ്രവർത്തിക്കുന്നത്’- മംഗളൂരുവിനടുത്ത് കിന്നിഗോളി ഗ്രാമത്തിൽ നടന്ന ന്യൂനപക്ഷ സമ്മേളനത്തിൽ സംസാരിക്കവേ കൊട്ടിയൻ പറഞ്ഞു.

നിരവധി പള്ളികളും മദ്രസകളും ചർച്ചുകളും നിർമിക്കാൻ താൻ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും ഉമാനാഥ കൊട്ടിയൻ പറഞ്ഞു. അടുത്തിടെ പോലും പള്ളികളുടെയും ചർച്ചുകളുടെയും സഹായത്തിനായി താൻ മുഖ്യമന്ത്രിയോട് അഞ്ച് കോടി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം 2.5 കോടി രൂപ തരാമെന്ന് സമ്മതിച്ചു. മതം നോക്കാതെ നമ്മൾ ആവശ്യക്കാരെ സഹായിക്കണമെന്നും കൊട്ടിയൻ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തന്റെ ജില്ലയിൽ ഒരു വർഗീയ സംഘർഷമോ വിദ്വേഷ പ്രസംഗമോ ഉണ്ടായിട്ടില്ലെന്നും കൊട്ടിയൻ പറഞ്ഞു. മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും എന്താവശ്യത്തിനും തന്റെ അടുക്കൽ വരാം. ഒരിക്കലും അതിന് പകരമായി താൻ വോട്ട് ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൊട്ടിയൻ മുസ്‌ലിംകളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ ആരോപിച്ചു. തന്റെ പ്രസംഗം ചിലർ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് കൊട്ടിയൻ വിശദീകരിച്ചു. പ്രസംഗത്തിന്റെ പൂർണ വീഡിയോ കണ്ടാൽ താൻ പറഞ്ഞത് എന്താണെന്ന് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

Share this story