ബിജെപി തന്നെ അവഗണിച്ചിട്ടില്ല; തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നത് തന്റെ സ്വന്തം തീരുമാനമെന്ന് അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് തന്റെ സ്വന്തം തീരുമാനപ്രകാരമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് താൻ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്നാണെന്ന് അണ്ണാമലൈ പറഞ്ഞു. ''ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് താന്‍ തന്നെയാണ് ബിജെപി കോര്‍ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നത് സ്വന്തം തീരുമാനമാണ്. മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ, നേതൃത്വത്തിന് എനിക്ക് എങ്ങനെ ടിക്കറ്റ് നല്‍കാന്‍ കഴിയും. അതാണ് സത്യം എന്നും ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു.
'മത്സരത്തിന് തയ്യാറായിരുന്നു എങ്കില്‍ ഏത് മണ്ഡലത്തില്‍ നിന്നും സ്ഥാര്‍ഥിയാകുമായിരുന്നു. എന്നാല്‍ താന്‍ സ്വന്തം നിലയില്‍ വിട്ടുനിന്നു. പാര്‍ട്ടിയ്ക്കും എന്‍ഡിഎ മുന്നണിയ്ക്കും വേണ്ടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും' അദ്ദേഹം അറിയിച്ചു. തന്റെ സ്ഥാനാര്‍ഥിത്വം വലിയ വാര്‍ത്തയായ സാഹചര്യത്തിലാണ് ഇത്തരം ഒരു വിശദീകരണം നല്‍കുന്നത് എന്നും അണ്ണാമലെ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ചയാണ് ബിജെപി പ്രഖ്യാപിച്ചത്. എഐഎഡിഎംകെ സഖ്യത്തില്‍ 27 സീറ്റുകളിലാണ് ബിജെപി തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
.jpg)


