പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-അകാലിദൾ സഖ്യം വീണ്ടും; മുഖ്യമന്ത്രി സ്ഥാനം അകാലിദളിന് എന്ന് അമിത് ഷാ

BJP-Akali Dal alliance again in Punjab Assembly elections; Amit Shah says Akali Dal will get CM post

ന്യൂഡൽഹി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരാനിരിക്കുന്ന 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിരോമണി അകാലിദളും (എസ്എഡി) വീണ്ടും സഖ്യമായി മത്സരിക്കും. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇരു പാർട്ടികളും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പഞ്ചാബിലെ ആകെ 117 നിയമസഭാ സീറ്റുകളിലും ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. സഖ്യത്തിൽ 'വലിയ സഹോദരന്റെ' സ്ഥാനത്ത് നിൽക്കുന്ന ശിരോമണി അകാലിദളിനായിരിക്കും മുഖ്യമന്ത്രി പദമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എൻഡിഎയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദൾ തിരിച്ചെത്തിയതോടെ ദേശീയ ജനാധിപത്യ സഖ്യം പൂർണ്ണമായതായും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു പാർട്ടി അധ്യക്ഷന്മാരുമായും സംസാരിച്ചതായും അമിത് ഷാ പറഞ്ഞു.

ഇതൊരു സ്വാഭാവിക സഖ്യമാണെന്നും പഞ്ചാബിനെ വികസിത സംസ്ഥാനമാക്കി മാറ്റാൻ ഇരു പാർട്ടികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ ഉടൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് സിംഗ് ബാദലും അടൽ ബിഹാരി വാജ്പേയിയും ചേർന്ന് കെട്ടിപ്പടുത്ത ബന്ധമാണിതെന്നും, ഇതൊരു രാഷ്ട്രീയ സഖ്യം മാത്രമല്ല മറിച്ച് പഞ്ചാബിന്റെ നന്മയ്ക്ക് വേണ്ടിയുള്ള വൈകാരികമായ ബന്ധമാണെന്നും സുഖ്ബീർ സിംഗ് ബാദൽ പ്രതികരിച്ചു.

വിവാദമായ കാർഷിക നിയമങ്ങളെ തുടർന്ന് 2020 സെപ്റ്റംബറിലായിരുന്നു 24 വർഷം നീണ്ട സഖ്യം ഉപേക്ഷിച്ച് അകാലിദൾ എൻഡിഎ വിട്ടത്. പഞ്ചാബിൽ നിന്ന് ലഹരിമാഫിയയെയും അഴിമതിയെയും തുടച്ചുനീക്കുകയെന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും പൊതുവായ പ്രകടനപത്രികയുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും നേതാക്കൾ അറിയിച്ചു.

Tags