രാജ്യത്തെ പൊതുസ്വത്തുക്കൾ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് നൽകാനുള്ള അജണ്ടയാണ് ആർ എസ് എസിനും ബി ജെ പിക്കുമുള്ളത് ; ഐഷി ഘോഷ്
രാജ്യത്തെ പൊതുസ്വത്തുക്കൾ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് നൽകാനുള്ള അജണ്ടയാണ് ആർ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്.കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ഐഷി, മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസം എന്നത് ഏവരുടെയും അവകാശമാണെന്നും ഐഷി ഘോഷ് വ്യക്തമാക്കി.
കഴിഞ്ഞ 12 വർഷമായി രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഐഷി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തു. രാജ്യത്തെ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി ബി ജെ പി പിടിച്ചെടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.
.jpg)

