അടുത്ത തവണ ബിരിയാണിയും വിളമ്പും ; മോദിക്കൊപ്പം ഒരേ നിരയില്‍ പാക് മന്ത്രി ; ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
മോദി സര്‍ക്കാരിന്റെ പാകിസ്താന് നയം എന്താണെന്നും സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.
പാകിസ്താന് മന്ത്രി മുസാദിക് മാലിക്കിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) സിവിലൈസേഷനല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാന്‍ പാക് മന്ത്രി ഇന്ത്യയിലെത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ മുറിവുകളില്‍ ഉപ്പുതേക്കുന്നതിന് തുല്യമാണ് പാക് മന്ത്രിക്ക് ഇന്ത്യയില്‍ ചുവപ്പുപരവതാനി വിരിച്ചുള്ള സ്വീകരണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു. ഇന്ത്യയ്ക്കെതിരെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പാകിസ്താനെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അവര്‍ ചോദിച്ചു.
ചിലപ്പോള്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നു, ചിലപ്പോള്‍ ലാഹോറിലെത്തുന്നു, പിന്നീട് ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിവയ്ക്കുന്നു. ഇപ്പോഴിതാ പാക് മന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ പാകിസ്താന് നയം എന്താണെന്നും സുപ്രിയ ശ്രീനേറ്റ് ചോദിച്ചു. പാകിസ്താന് ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നതുവരെ അവരുമായി ചര്‍ച്ച വേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് സര്‍ക്കാര്‍ പിന്തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, പാകിസ്താന് പ്രത്യേക ക്ഷണം നല്‍കിയതല്ലെന്നും എസ്സിഒയിലെ പത്ത് അംഗരാജ്യങ്ങള്‍ക്കും പരിപാടിയിലേക്ക് ക്ഷണം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് ഉഭയകക്ഷി ചര്‍ച്ചയല്ല, ബഹുരാഷ്ട്ര വേദിയാണെന്നും ബിജെപി നേതാവ് നളിന്‍ കോഹ്ലിയും പ്രതികരിച്ചു.
.jpg)

