'കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം' : ബംഗാളിലെ ബിജെപി എംഎൽഎ
കൊൽക്കത്ത : കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎൽഎ. പശ്ചിമബംഗാളിലെ ഹിംഗൽഗഞ്ചിൽ നിന്നുളള ബിജെപി എംഎൽഎ രേഖ പത്രയുടേതാണ് വിചിത്രമായ ആവശ്യം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിർത്തിയാണ് എംഎൽഎ വാഹനത്തിലുണ്ടായിരുന്നവരോട് പശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. 14 വയസിൽ താഴെയുളള കന്നുകാലികളെ അറുക്കാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ടെന്നും സുവേന്ദു അധികാരി അനധികൃതമായി കന്നുകാലി വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും രേഖ പത്ര പറഞ്ഞു.
ഹിംഗൽഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി പോയ വാഹനം രേഖ പത്രയുടെ നേതൃത്വത്തിൽ തടഞ്ഞത്. കന്നുകാലികളെ വാഹനത്തിൽ നിന്ന് ഇറക്കിയ രേഖ അടുത്തുളള മരങ്ങളിൽ അവയെ കെട്ടിയിട്ടു. ശേഷം അവയ്ക്ക് വൈക്കോലും വെളളവും നൽകി. തുടർന്നാണ് കന്നുകാലികളുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. 'ഞങ്ങളുടെ സർക്കാർ നിർദേശിക്കുന്നത് പോലെ, 14 വയസിൽ താഴെ പ്രായമുളള കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് കർശനമായ വിലക്കുണ്ടാകും. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ അവരെ പിടികൂടുകയും കന്നുകാലികളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ജനന സർട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും' എന്നാണ് രേഖ പത്ര പറഞ്ഞത്.
രേഖ പത്ര കന്നുകാലികളുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ വൈറലായതോടെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് പശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ അത് കാണിക്കണം എന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ കുനാൽ ഘോഷ് ആവശ്യപ്പെട്ടു. അങ്ങനെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിന് ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
.jpg)

