ഛത്തിസ്ഗഢ് നിയമസഭയിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ അവതരിപ്പിച്ചു
റായ്പൂർ: നിർബന്ധിത മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ള ‘ഛത്തിസ്ഗഢ് ധർമ സ്വാതന്ത്ര്യ വിധേയക് 2026’ (മതസ്വാതന്ത്ര്യ ബിൽ 2026) ഛത്തിസ്ഗഢ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ്, അതിന് വഴങ്ങാത്ത സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി വിജയ് ശർമയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. 11 സംസ്ഥാനങ്ങളിലെ സമാന നിയമങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ ബിൽ തിടുക്കത്തിൽ പാസാക്കരുതെന്നും കൂടുതൽ ആലോചനകൾക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് ചരൺദാസ് മഹന്ത് ആവശ്യപ്പെട്ടു.
വൈവിധ്യത്തിലും സഹിഷ്ണുതയിലുമാണ് രാജ്യത്തിന്റെ ശക്തിയെന്നും സമൂഹത്തിൽ ഭിന്നത വർധിപ്പിക്കാനേ ഈ ബിൽ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബലപ്രയോഗമോ വഞ്ചനയോ തെറ്റിദ്ധരിപ്പിക്കലോ വഴിയുള്ള മതപരിവർത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും ഇത്തരം നിയമങ്ങൾ നിർമിക്കുന്നതിൽനിന്ന് സംസ്ഥാനങ്ങളെ തടയുന്ന സുപ്രീം കോടതി ഉത്തരവില്ലെന്നും ഉപമുഖ്യമന്ത്രി വിജയ് ശർമ വ്യക്തമാക്കി.
ഒഡിഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ്, തമിഴ്നാട് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ സമാന നിയമങ്ങൾ നേരത്തെ പാസാക്കിയിട്ടുണ്ട്. അടുത്തിടെ മഹാരാഷ്ട്ര നിയമസഭയും സമാന ബിൽ പാസാക്കിയിരുന്നു.
.jpg)


