ബിൽക്കീസ് ​​ബാനു കൂട്ടബലാത്സംഗ കേസ്; രണ്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ താൽക്കാലികമായി തടഞ്ഞ് സുപ്രീംകോടതി

supream court

പ്രതികൾക്ക് ജാമ്യം അനുവദിച്ചു. 17 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം.

 

ഡൽഹി: ബിൽക്കീസ് ​​ബാനു കൂട്ടബലാത്സംഗ കേസിൽ രണ്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ താൽക്കാലികമായി തടഞ്ഞ് സുപ്രിംകോടതി. പ്രതികൾക്ക് ജാമ്യം അനുവദിച്ചു. 17 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവർക്കാണ് ജാമ്യം

2017 മെയ് മാസത്തില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ട് ബിപിന്‍ചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒക്ടോബര്‍ 28ലെ സുപ്രീം കോടതി ഉത്തരവ്. ഇവർ കുറ്റക്കാരെന്ന കണ്ടെത്തലും ജീവപര്യന്തം തടവ് ശിക്ഷയും നേരത്തെ ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.

അപ്പീല്‍ നല്‍കിയവരില്‍ ഒരാളായ ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യങ്ങളുണ്ടെന്ന കാര്യവും കോടതി പരിഗണിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും, വിചാരണക്കോടതിയും ഹൈക്കോടതിയും ഇവരെ കുറ്റക്കാരായി കണ്ടെത്തിയതും ചൂണ്ടിക്കാട്ടി, സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.

എന്നാല്‍ അപ്പീല്‍ നല്‍കിയവരില്‍ ഒരാളുടെ പേര് സംഭവത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ലെന്നും, കുറ്റകൃത്യം നടന്ന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ, ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

 ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിലുള്ള ഗോധ്ര ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിൽ, പ്രതികളായ രണ്ടുപേരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147 (കലാപം), 302 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരവും, 376-ാം വകുപ്പ് (ബലാത്സംഗം) കൂടി ചേർത്തും വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷയായി വിധിക്കുകയുമായിരുന്നു.

Tags