ബിഹാറിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച കേസ് ; മുഖ്യപ്രതിയെ പൊലീസ് വെടിവച്ച് വീഴ്ത്തി

bihar

 ബിഹാറിലെ ജമുയിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിലെ മുഖ്യപ്രതി നന്ദൻ യാദവിനെ പൊലീസ് വെടിവച്ച് വീഴ്ത്തി. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. ദൃശ്യങ്ങളിൽ ഓറഞ്ച് തലപ്പാവ് ധരിച്ചയാളാണ് മുഖ്യപ്രതി നന്ദൻ യാദവ്. മുഖം മറച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ തോളിൽ കൈകൾ തൂക്കിയിട്ട നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യാദവിൻ്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങളിലും യാദവിന്റെ മുഖം മറച്ച നിലയിലാണ്. കേസിൽ ഇതുവരെ അഞ്ച് പേരെ അറസ്‌റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ‌ിലായ അഞ്ചുപേർക്ക് പുറമേ പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി പറഞ്ഞു. പൊലീസ് വേഗത്തിൽ നടപടി സ്വീകരിച്ചെന്നും കേസിലെ ഒരു പ്രതിയെയും വെറുതെ വിടില്ലെന്നും ബിഹാർ മന്ത്രി ശ്രാവൺ കുമാറും പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്‌ച ജമുയിയിലെ വിനോദസഞ്ചാരകേന്ദ്രമായ മഡ്വ പർവതത്തിലെത്തിയ സ്‌കൂൾ വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും നന്ദൻ യാദവും സംഘവും തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നു.

Tags